കൊച്ചി: കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസിലെ നാലാം പ്രതി ഫാ. ആന്റണി കല്ലൂക്കാരൻ നൽകിയ മുൻകൂർ ജാമ്യ ഹർജി എറണാകുളം ജില്ലാ കോടതി 28ന് പരിഗണിക്കാൻ മാറ്റി. ഹർജി തീർപ്പാകുംവരെ ഫാ. ആന്റണിയെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ നൽകിയ ഉറപ്പു കണക്കിലെടുത്താണിത്. 28ന് കേസ് ഡയറി ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഫാ. ആന്റണി കല്ലൂക്കാരന്റെ ഇടവകയിൽ പൊലീസ് അതിക്രമം കാട്ടുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. താമസ സ്ഥലത്തെ വാതിലുകൾ കുത്തിപ്പൊളിച്ച് അകത്തു കടന്നാണ് പൊലീസ് പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്യുമെന്ന ആശങ്ക ഉള്ളതിനാലാണ് മുൻകൂർ ജാമ്യ ഹർജി നൽകുന്നതെന്നും വ്യക്തമാക്കി. തുടർന്ന് ഹർജി തീർപ്പാകും വരെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകുമെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി. ഇതു കോടതി രേഖപ്പെടുത്തി.
ഇതേ കേസിൽ മുൻകൂർ ജാമ്യം തേടി ഒന്നാം പ്രതി ഫാ. പോൾ തേലക്കാട്ട് നൽകിയ ഹർജിയും ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് റിമാൻഡിൽ കഴിയുന്ന മൂന്നാം പ്രതി ആദിത്യ വളവി നൽകിയ ഹർജിയും 28ന് പരിഗണിക്കും.