തൃക്കാക്കര: വർഷങ്ങളായി തൃക്കാക്കര കാത്തിരുന്ന കേന്ദ്രീയ വിദ്യാലയം അടുത്ത അദ്ധ്യയനവർഷം പ്രവർത്തനമാരംഭിക്കും. കാക്കനാട് എൽ .പി സ്കൂൾ കേന്ദ്രീയ വിദ്യാലയത്തിനായി ഏറ്റെടുത്തു.
തൃക്കാക്കര നഗരസഭയുടെ മേൽനോട്ടത്തിലുള്ള ഈ സ്കൂളിൽ ഒന്നു മുതൽ നാലുവരെ 73 കുട്ടികളാണ് പഠിക്കുന്നത്.
ജില്ലയിൽ പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം തൃക്കാക്കര മുനിസിപ്പൽ എൽ.പി സ്‌കൂളിൽ താൽക്കാലികമായി പ്രവർത്തനം തുടങ്ങുമെന്ന് അന്നത്തെ ജില്ലാ കളക്ടർ പി.ഐ. ഷെയ്ക്ക് പരീതാണ്
2013 ആഗസ്റ്റിൽ പ്രഖ്യാപിച്ചത്. തൽക്കാലം അഞ്ചാം ക്ലാസ് വരെ തുടങ്ങാനും തീരുമാനിച്ചിരുന്നു.
തൃക്കാക്കര നഗരസഭ മുൻ ചെയർമാൻ പി.ഐ. മുഹമ്മദാലിയുമായി കളക്ടർ നടത്തിയ ചർച്ചയിൽ മുനിസിപ്പൽ സ്‌കൂൾ സ്ഥലം വിട്ടുകൊടുക്കാനും ധാരണയായി. രണ്ട് ഏക്കറോളം വരുന്ന സ്കൂൾ വളപ്പ് കാക്കനാട് ജംഗ്ഷന് സമീപം കിഴക്കമ്പലം റോഡിനോട് ചേർന്നാണ്.
ഇരുവരും സ്‌കൂൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. പിന്നീട് സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചുവപ്പ് നാടയിൽ കുടുങ്ങി.
ഇപ്പോഴത്തെ കളക്ടർ മുഹമ്മദ് വൈ. സഫീറുളളയുടെ ഇടപെടലിനെ തുടർന്നാണ് പദ്ധതിക്ക് പുതുജീവൻ വച്ചത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇടപെടലാണ് കേന്ദ്രീയ വിദ്യാലയ പദ്ധതി അട്ടിമറിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. അടുത്തിടെ കേന്ദ്രീയ വിദ്യാലയങ്ങളുടെ ഭരണ നിർവഹണം നടത്തുന്ന ഉദ്യോഗസ്ഥർ ജില്ലാ കലക്ടറെ നേരിൽ കണ്ട് ചർച്ച നടത്തിയാണ് തൃക്കാക്കരയിൽ കേന്ദ്രീയ വിദ്യാലയം തുടങ്ങാൻ നടപടി സ്വീകരിച്ചത്.
സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നത് കേന്ദ്രീയ വിദ്യാലയങ്ങളിൽ മാത്രമാണ്. കേന്ദ്രീയ വിദ്യാലയങ്ങളുടെ അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ ദരിദ്രരായ കുട്ടികൾക്ക് ലഭിക്കുമായിരുന്ന ഉന്നത നിലവാരത്തിലെ സൗജന്യ വിദ്യാഭ്യാസം തൃക്കാക്കരയ്ക്ക് നഷ്ടപ്പെടാൻ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളുടെ ഇടപെടൽ വഴിയൊരുക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു.