teruvunai-
തെരുവുനായ്ക്കൾ കൂട്ടത്തോടെ പറവൂർ മാർക്കറ്റ് ഭാഗത്ത് തമ്പടിച്ചിരുക്കുന്നു.

പറവൂർ : നഗരത്തിൽ തെരുവുനായ ശല്യം വർധിച്ചുവരുന്നു. ദേശീയപാത കടന്നു പോകുന്ന പറവൂർ മാർക്കറ്റിലാണ് തെരുവുനായ കൂട്ടത്തെ കണ്ടുവരുന്നത്. മാർക്കറ്റ് ദിവസമായ ചൊവ്വയും വെള്ളിയും ഒട്ടേറെയാളുകൾ എത്തുന്ന സ്ഥലത്ത് നായ്ക്കളുടെ സാന്നിധ്യം കച്ചവടക്കാരെയും നാട്ടുകാരെയും ഭീതിയിലാക്കുന്നു. അലഞ്ഞു നടക്കുന്ന നായ്കൾ കടിപിടികൂടുന്നതു പതിവാണ്. മത്സ്യ, മാംസ അവശിഷ്ടങ്ങളടക്കം തിന്നുന്നതിനാണ് ഇവ കൂട്ടമായെത്തുന്നത്. നഗരത്തിലെ ഇടവഴികളും ഒഴിഞ്ഞ പറമ്പുകളിലും നായകളുടെ ശല്യമുണ്ട്. അടുത്തിടെ കുട്ടികളടക്കം ഒട്ടേറെപ്പേർക്കു കടിയേറ്റിരുന്നു.അനേകം വളർത്തുമൃഗങ്ങളെ നായകൾ കടിച്ചുകൊന്നു. പറവൂർ മൃഗാശുപത്രിയിൽ നിലച്ചു കിടക്കുന്ന തെരുവുനായ് വന്ധ്യംകരണം പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. വന്ധ്യംകരണം നടപ്പാക്കാൻ തദ്ദേശസ്വയംഭരണാധികാരികൾ ശ്രമിക്കുന്നില്ലെന്നാണ് പരാതി. തെരുവുനായകളുടെ കടിയേറ്റാൽ എടുക്കേണ്ട കുത്തിവയ്പു താലൂക്ക് ആശുപത്രിയിൽ ലഭ്യമല്ല. കടിയേറ്റു വരുന്നവരെ കളമശ്ശേരി മെഡിക്കൽ കോളേജിലെയ്ക്കാണ് തുടർ ചികിത്സക്കായി വിടുന്നത്.