ആലുവ: എടയാർ സ്വർണക്കവർച്ച കേസിൽ മുഖ്യപ്രതി സതീഷ് സെബാസ്റ്റ്യൻ ഉൾപ്പെടെ നാല് പേരെ കൂടി തമിഴ്‌നാട് - കേരള അതിർത്തിയിലെ വനമേഖലയിൽ നിന്നു പൊലീസ് പിടികൂടി. വെള്ളിയാഴ്ച അർദ്ധരാത്രി ബിനാനിപുരം സ്റ്റേഷനിലെത്തിച്ച ഇവരെ തൊണ്ടിമുതൽ കണ്ടെടുക്കുന്നതിന് ഇടുക്കിയിലേക്ക് കൊണ്ടുപോയി.
ഇടുക്കി മുരിക്കാശേരി സ്വദേശി സതീഷ് സെബാസ്റ്റ്യൻ (34), ഇയാളുടെ അയൽവാസിയായ സുഹൃത്ത്, തൊടുപുഴ മടക്കത്താഴം സ്വദേശികളായ മറ്റ് രണ്ട് പേർ എന്നിവരാണ് പിടിയിലായത്.
കമ്പം തേനിക്ക് സമീപം സിങ്കക്കണ്ടത്തെ വനമേഖലയിലായിരുന്നു ഒളിത്താവളം. നേരത്തേ പിടിയിലായ തൊടുപുഴ മുതലക്കോടം സ്വദേശി ബിബിൻ ജോർജിൽ നിന്നാണ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. രണ്ടര മണിക്കൂറിലേറെ വനത്തിലൂടെ നടന്നാണ്
ആലുവ സി.ഐ കെ.ബി. സലീഷിന്റെ നേതൃത്വത്തിൽ പൊലീസ്
ഒളിത്താവളത്തിലെത്തിയത്. ഓടി രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചെങ്കിലും നടന്നില്ല. കഞ്ചാവ് ലഹരിയിലായിരുന്നു എല്ലാവരും. തോക്കുകൾ അടക്കമുള്ള ആയുധങ്ങളും പ്രതികളുടെ പക്കലുണ്ടായിരുന്നു.
കഴിഞ്ഞ ഒമ്പതിന് രാത്രിയാണ് സ്വർണശുദ്ധീകരണശാലയായ സി.ജി.ആർ മെറ്റലോയ്ഡിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വർണം ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നത്. മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമായിരുന്നു കവർച്ച. സി.ജി.ആറിലെ മുൻ ഡ്രൈവർ കൂടിയായ സതീഷ് സെബാസ്റ്റ്യനെതിരേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് വലയിലായത്. സതീഷ് സെബാസ്റ്റ്യന് മാത്രമേ സ്വർണം ഒളിപ്പിച്ച സ്ഥലം അറിയൂവെന്നാണ് സൂചന.
റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ. നായർ, ഡിവൈ.എസ്.പി കെ.കെ. വിദ്യാധരൻ, സി.ഐ കെ.ബി. സലീഷ്, എസ്.ഐ അനൂപ് സി. നായർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.
സതീഷ് സെബാസ്റ്റ്യൻ കൊലക്കേസിലും പ്രതി
സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി സതീഷ് സെബാസ്റ്റ്യൻ പ്രായപൂർത്തിയാകും മുമ്പേ കൊലക്കേസിലും ഉൾപ്പെട്ടയാളാണ്. കഞ്ചാവ് വില്പന പൊലീസിനെ അറിയിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അയൽവാസിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സതീഷ് സെബാസ്റ്റ്യനും പിതാവും സതീഷിന്റെ ഇളയ സഹോദരനും പ്രതിയായിരുന്നു. ഈ കേസിൽ പിതാവ് ഇപ്പോഴും ജയിലിൽ തടവു ശിക്ഷ അനുഭവിക്കുകയാണ്. പ്രായപൂർത്തിയായിട്ടില്ലെന്ന പരിഗണനയിലാണ് സതീഷിനെയും സഹോദരനെയും ശിക്ഷയിൽ നിന്നു കോടതി ഒഴിവാക്കിയത്.