malinyam
ആലുവ നഗരസഭയിലെ തോട്ടക്കാട്ടുകര കനാൽ റോഡിന്റെ ഒന്നാം വാർഡിലെ തുടക്ക ഭാഗത്ത് കുന്നുകൂടികിടക്കുന്ന മാലിന്യം

ആലുവ: നഗരസഭ ഒന്നാം വാർഡിൽ യു.സി കോളജ് - പറവൂർ കവല റോഡിൽ സെമിനാരിപ്പടി ഭാഗത്ത് നിന്ന് കനാൽ റോഡ് തുടങ്ങുന്നിടത്ത് രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപം വർധിക്കുന്നു. അർദ്ധരാത്രിയോടെ കൊണ്ടിടുന്ന ഭക്ഷ്യ അവശിഷ്ടങ്ങൾ ഹോട്ടലുകൾ, ഹാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് എത്തുന്നതെന്നാണ് നിഗമനം. തുടർന്ന് രണ്ടോ മൂന്നോ ദിവസം ഇവ കെട്ടികിടക്കും. ദുർഗന്ധം സഹിക്കാനാകാതെ പരിസരവാസികൾ ദുരിതത്തിലാണ്. ചീഞ്ഞ് ദുർഗന്ധം രൂകഷമാകുമ്പോൾ ജനപ്രതിനിധികൾ അടക്കമുള്ളവർ ഇടപെടുകയും നഗരസഭ ശുചീകരണ തൊഴിലാളികൾ വന്ന് ഇവ നീക്കം ചെയ്യുകയുമാണ് പതിവ്. അതിനാൽ തന്നെ മാലിന്യം തള്ളാൻ ഈ പ്രദേശം സൗകര്യ പ്രദമാണെന്ന കണക്കുകൂട്ടലിലാണ് മാലിന്യം കൊണ്ടിടുന്നവർ. അതുകൊണ്ട് തന്നെ മാനിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. ചെറിയ മഴക്കുപോലും വെള്ളം കെട്ടുന്ന റോഡാണിത്. അതിനാൽ തന്നെ വേനൽമഴയിൽ മാലിന്യങ്ങൾ റോഡിൽ പടരുന്നുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇടയാക്കും. മാലിന്യം തള്ളുന്നവരെ പിടികൂടാൻ അധികൃതർ യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.