നെടുമ്പാശേരി: നെടുമ്പാശേരി - ചെങ്ങമനാട് മേഖലകളിൽ സ്ത്രീകളെ ബസുകളിലും, കാൽ നട യാത്രയിലും, മറ്റും പിന്തുടർന്ന് കവർച്ചയും, മോഷണവും നടത്തിവരുന്ന സംഘത്തിന്റെ ശല്യം രൂക്ഷമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.

ചെങ്ങമനാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, പാറക്കടവ്, കുന്നുകര പഞ്ചായത്ത് പ്രദേശങ്ങളിൽ ഇതിനകം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും യാതൊരു കേസുകൾക്കും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

നെടുമ്പാശ്ശേരി, കരിയാട്,ചെറിയവാപ്പാലശ്ശേരി, അത്താണി, കപ്രശ്ശേരി, ദേശം, പുറയാർ, നെടുവന്നൂർ, മേക്കാട്, ചെമ്പന്നൂർ, മധുരപ്പുറം, അടുവാശ്ശേരി,തടിക്കൽക്കടവ് ഭാഗങ്ങളിലടക്കം ബസ് യാത്രികരായ സ്ത്രീകളുടെ പണം അപഹരിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. അത്താണി, കുറുമശ്ശേരി, കുന്നുകര ഭാഗങ്ങളിൽവെച്ച് കവർച്ച നടത്തി രക്ഷപ്പെടാൻ ശ്രമിച്ച നാടോടികളെ ഏതാനും യാത്രക്കാർ പിന്തുടർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ളെന്നാണാക്ഷേപം. ഇടവഴികളിലൂടെയും, ആൾ സഞ്ചാരമില്ലാത്ത വഴികളിലുടെയും സഞ്ചരിക്കുമ്പോൾ സ്ത്രീകളെ പിന്തുടർന്ന് മാല കവരാൻ നടത്തിയ ശ്രമത്തിലും പിടികൂടിയ നാടോടികളെയും പിന്നീട് വിട്ടയക്കുകയായിരുന്നു.. ഒരാളെ പോലും പിടികൂടാത്തത് പൊലീസിന്റെ കഴിവ് കേടായി വിലയിരുത്തപ്പെടുകയാണ്.

മാന്യമായ വസ്ത്രം ധരിച്ച് ബ്യൂട്ടി പാർലറുകളിലത്തെി മുഖഭംഗി വരുത്തി വിദഗ്ദമായി മോഷണം നടത്തുന്ന സംഘവും മേഖലയിൽ സജീവമാണെന്നാണാക്ഷേപം

കവർച്ച നടക്കുന്നത് വസ്സ് യാത്രകളിൽ

കഴിഞ്ഞ ദിവസം ദേശത്ത് നിന്നും സ്വകാര്യ ബസിൽ മടങ്ങുകയായിരുന്ന പുറയാർ ഗാന്ധിപുരം സ്വദേശിനി സുഹ്രയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 23000 രൂപ കവർച്ച ചെയ്തു. ഹിന്ദി സംസാരിക്കുന്ന നാടോടികൾ ബസിലുണ്ടായിരുന്നതായും സംഘം കൃത്രിമ തിരക്കുണ്ടാക്കുകയും, അതിനിടയിലാകാം കവർച്ച നടന്നതെന്നുമാണ് സുഹ്റ പറയുന്നത്. ബസിൽ നിന്നിറങ്ങിയപ്പോൾ ബാഗിൻെറ സിബ്ബ് തുറന്ന് കിടക്കുകയായിരുന്നു. ഉടൻ ബസ് കയറിയ സ്ഥലത്തും ബസിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നെടുമ്പാശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

കുറുമശ്ശേരിയിൽ വെച്ച് അന്നമനട സ്വദേശിനിയായ വീട്ടമ്മയുടെ ബാഗിലെയും പണവും അടുത്തിടെ കവർച്ച ചെയ്യുകയുണ്ടായി. ബാങ്കിൽ സ്വർണപ്പണ്ടപ്പണയ വായ്പയുടെ പലിശയടക്കാനത്തെിയതായിരുന്നു വീട്ടമ്മ. ബസിൽ നാടോടികളുണ്ടായിരുന്നുവത്രെ.