jacobite

കോലഞ്ചേരി: യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്​റ്റി ചുമതല മൂന്ന് മുതിർന്ന മെത്രാപ്പൊലീത്തമാർക്ക് നല്കാൻ സുന്നഹദോസിൽ തീരുമാനമായി. മെത്രാപ്പൊലീത്തമാരായ തോമസ് മാർ തീമോത്തിയോസ്, എബ്രഹാം മാർ സേവേറിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവർക്കാണ് ചുമതല.

മൂന്ന് മാസത്തിനുശേഷം മലങ്കര അസോസിയേഷൻ വിളിച്ചുചേർത്ത് മെത്രാപ്പൊലീത്തൻ ട്രസ്​റ്റി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തും. സഭാ പരമാദ്ധ്യക്ഷനായ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുടെ അദ്ധ്യക്ഷതയിൽ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ ചേർന്ന സുന്നഹദോസിലാണ് തീരുമാനം. ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാതോലിക്ക, മെത്രാപ്പൊലീത്തൻ ട്രസ്​റ്റി സ്ഥാനങ്ങൾ രാജിവച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മീഡിയ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തിയോഫിലസ് മെത്രാപ്പൊലീത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ കാതോലിക്ക പദവിയിൽ തുടരാൻ അദ്ദേഹത്തോട് സുന്നഹദോസ് നിർദ്ദേശിച്ചു.

കുര്യാക്കോസ് മാർ ക്ലീമിസി​നെ തി​രി​ച്ചെടുക്കും

സഭയിൽ നി​ന്ന് പുറത്താക്കിയ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പൊലീത്തയെ സഭയിൽ തിരിച്ചെടുക്കാനും സുന്നഹദോസ് തീരുമാനിച്ചു. ചുമതലകൾ തുടർ സുന്നഹദോസിൽ ചർച്ച ചെയ്ത് തീരുമാനിക്കും. സഭയിലെ നിലനില്ക്കുന്ന വിവിധ ഭാരവാഹി തർക്കങ്ങൾ സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ പുതുതായി രൂപീകരിച്ച മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സമിതി കൺവീനറെ ഇവരുടെ യോഗം വിളിച്ച് തിരഞ്ഞെടുക്കാനും പാത്രിയാർക്കീസ് ബാവ നിർദ്ദേശിച്ചു.