കൊച്ചി: കൂത്താട്ടുകുളം, പിറവം, മൂവാറ്റുപുഴ , തൊടുപുഴ മേഖലകളിൽ നിന്ന് നിന്ന് കൊച്ചി നഗരത്തിൽഎത്താൻ പെടാപ്പാട് തന്നെ. തിരുവാങ്കുളം മുതൽ വെെറ്രില വരെ യാത്രചെയ്യാൻ മണിക്കൂറുകൾ . . തിരുവാങ്കുളം ,തൃപ്പൂണിത്തുറ, വെെറ്റില ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്കു മുറുകുകയാണ്. കോട്ടയം, പിറവം, മൂവാറ്റുപുഴ മേഖലകളിൽ നിന്നുള്ള വാഹനങ്ങൾ കൊച്ചി നഗരത്തിലേക്കും സീപോർട് എയർപോർട്ട് റോഡിലേക്കും എത്തുന്നത് തിരുവാങ്കുളം കവല വഴിയാണ്. പഴയ പഞ്ചായത്തിന്റെ ഭാഗമായ തിരുവാങ്കുളത്ത് വലിയതോതിലാണ് വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുന്നത് . മൂവാറ്റുപുഴ ഭാഗത്തുനിന്ന് വലിയ വാഹനങ്ങൾ തിരിഞ്ഞുവരുമ്പോൾതന്നെ മൂന്നു റോഡിലും വാഹന ഗതാഗതം കുരുക്കിലാകും. തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മൂവാറ്റുപുഴ ഭാഗത്തേക്ക് തിരിയുമ്പോഴും ജംഗ്ഷൻ കുരുക്കിൽ തന്നെ . ഈ കുരുക്കിൽ വീർപ്പുമുട്ടി ഹിൽപാലസ് ജംഗ്ഷനിൽ എത്തുമ്പോൾ അവിടെ കൂനിൻമേൽകുരു എന്നപോലെ ഗതാഗതകുരുക്ക് അതിഭീകരമാകും. ഇവിടം കുരുങ്ങുന്നതോടെ സീപോർട് എയർപോർട് റോഡും തിരുവാങ്കുളം മാമല റോഡും ചോറ്റാനിക്കര റോഡും ഒരുപോലെ ഗതാഗതക്കുരുക്കിലാകുന്നു.പള്ളിക്കര ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ കയറിവരുന്നതോടെ ഒച്ചിനെ തോൽപ്പിക്കുന്ന രീതിയിലാണ് വാഹനങ്ങളുടെ നിരങ്ങി നീങ്ങൽ . അവിടെനിന്ന് വാഹനങ്ങൾ കരിങ്ങാച്ചിറയെത്തുമ്പോഴേക്കും യാത്രക്കാർ പെട്ടതുതന്നെ. സീപോർട്ട് - എയർപോർട്ട് റോഡിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് തിരിയുന്ന വാഹനങ്ങളാണിവിടെ വില്ലൻ. ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും എടുക്കും കരിങ്ങാച്ചിറ മറിക്കടക്കാൻ. ഇവിടെ എല്ലാ ദിശയിലേക്കുമുള്ള വാഹനങ്ങളും കുരുക്കിൽ തന്നെ കിടക്കണം. എറണാകുളം ഭാഗത്തേക്കും കിഴക്കൻ മേഖലയിലേക്കുമുള്ള വാഹനങ്ങൾ ചമ്പക്കരയിലെത്തിയാലും കുരുക്കോടുകുരുക്ക്തന്നെ. . ചമ്പക്കരയിൽ ഡി.എം.ആർ.സി പണിത പാലം ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും കുരുക്കിന് ശമനമായില്ല. തിരക്കേറിയ സമയങ്ങളിൽ പേട്ടയിൽ നിന്ന് വെെറ്റില വരെയുള്ള രണ്ട് കിലോമീറ്രർ കടക്കണമെങ്കിൽ ഒരു മണിക്കൂറെങ്കിലും വേണം.
ബണ്ട് റോഡ് എവിടെ?
ചിത്രപ്പുഴ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു സമീപത്തു നിന്നാരംഭിച്ച് ചിത്രാഞ്ജലി ജംഗ്ഷനു സമീപം ഭവൻസിനു പിൻവശത്തുകൂടി മാമല പാലത്തിനു സമീപം എത്തി നിൽക്കുന്നതാണ് മാമല– ചിത്രപ്പുഴ ബണ്ട് റോഡ് .2016 ലെ ബഡ്ജറ്റിൽ 75 കോടി രൂപ വകയിരുത്തിയിട്ടും പദ്ധതിക്കു ജീവൻ വെച്ചില്ല. 2012 ലാണ് റോഡ് നിർമിക്കുമെന്നുള്ള പ്രഖ്യാപനം വന്നത്. . ഏഴു വർഷത്തിനിപ്പുറവും ഇതു ഫയലിൽ തന്നെ ഉറങ്ങുകയാണ് ∙
ഈ മേഖലയിലെ ഗതാഗതകുരുക്കിന് ശാശ്വതമായ പരിഹാരം കാണുന്നതിനാവശ്യമായ നടപടി സ്വീകരിക്കും . ബണ്ട് റോഡ്.ഉൾപ്പെയുള്ള കാര്യങ്ങൾ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും .
എം. സ്വരാജ് എം.എൽ.എ.
കുരുക്കഴിയാതെ കവലകൾ
തിരുവാങ്കുളം
ഹിൽപാലസ്
കരിങ്ങാച്ചിറ
ചമ്പക്കര
പേട്ട
കുരുക്കഴിക്കാൻ
ഇരുമ്പനം പുതിയ റോഡ് ജംഗ്ഷൻ മുതൽ അമ്പലമേട് റിഫൈനറി ഗേറ്റ് വരെ നാലുവരിപ്പാത
പുതിയബണ്ട് റോഡുകൾ