കൊച്ചി : മൂന്നാർ ചിന്നക്കനാലിലെ മഹീന്ദ്ര ഹോളിഡേയ്സ് റിസോർട്ടിന്റെ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. ഭൂമി പതിച്ചുനൽകിയ ഘട്ടത്തിൽ നിഷ്‌കർഷിച്ചിരുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമായി വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിച്ചെന്നു കണ്ടെത്തി ദേവികുളം സബ് കളക്ടർ 2007 ജൂലായ് മൂന്നിന് പട്ടയം റദ്ദാക്കാൻ നൽകിയ ഉത്തരവാണ് സിംഗിൾബെഞ്ച് ശരിവച്ചത്.

മഹീന്ദ്രയുടെ റിസോർട്ടിന് സർക്കാർ നികുതി നിശ്ചയിക്കുകയും ടൂറിസം ആവശ്യങ്ങൾക്കായി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ഭൂമി പതിച്ചു നൽകൽ ചട്ടത്തിലെയും നിയമത്തിലെയും വ്യവസ്ഥയനുസരിച്ച് ഭൂമി കൃഷിയാവശ്യങ്ങൾക്കോ വീടുവയ്ക്കാനോ ഉപയോഗിക്കണം. എന്നാൽ റിസോർട്ട് സ്ഥാപിച്ചത് ചട്ടലംഘനമാണെന്ന് വിലയിരുത്തിയാണ് സർക്കാർ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കാൻ നടപടിയെടുത്തത്. ഇതിനെതിരെ മഹീന്ദ്ര ഹോളിഡേയ്സ് അധികൃതർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ഭൂമി പതിച്ചു നൽകുമ്പോൾ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാൻ ചട്ടമുണ്ടായിരുന്നില്ലെന്നും 1971 ലെ ഭേദഗതിയിലാണ് വ്യവസ്ഥ കൊണ്ടുവന്നതെന്നും ഹർജിക്കാർ വാദിച്ചു. ഭൂമി പതിച്ചുനൽകുമ്പോൾ പട്ടയം റദ്ദാക്കി തിരിച്ചെടുക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും ചട്ടം 9(2) ൽ കൃഷിയാവശ്യങ്ങൾക്കും വീടുവയ്ക്കാനും ഭൂമി ഉപയോഗിക്കണമെന്നും ഒരു വർഷത്തിനുള്ളിൽ ഇതു ചെയ്തില്ലെങ്കിൽ പട്ടയം റദ്ദാകുമെന്നും പറയുന്നുണ്ട്. ആ നിലയ്ക്ക് പൊതുതാത്പര്യം മുൻനിറുത്തി കൃഷിയാവശ്യത്തിനു പതിച്ചുനൽകിയ ഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിച്ചത് ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തി. തുടർന്നാണ് സർക്കാർ നടപടി ശരിവച്ചത്. റിസോർട്ടിന് സർട്ടിഫിക്കറ്റ് നൽകിയതും കെട്ടിടനമ്പർ നൽകിയതും നിയമലംഘനം സർക്കാർ ശരിവച്ചതാണെന്ന് വിലയിരുത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

 ഹൈക്കോടതി പറഞ്ഞത്

സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത പാവപ്പെട്ടവനെ അവഗണിക്കാൻ സർക്കാരിനാവില്ല. വീടുവയ്ക്കാൻ ഭൂമി പതിച്ചുനൽകുന്നത് പൊതുതാത്പര്യം മുൻനിറുത്തിയാണ്. വ്യവസായ സംരംഭങ്ങൾ പോലെ കൃഷി ഏറ്റെടുക്കാൻ സർക്കാരിന് കഴിയാത്തതിനാലാണ് വ്യക്തികൾക്ക് കൃഷിചെയ്യാൻ ഭൂമി പതിച്ചുനൽകുന്നത്. ഭൂമിയെ ഇത്തരത്തിൽ വിനിയോഗിക്കുമ്പോൾ സർക്കാർ ജാഗ്രത കാട്ടണം.