കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ കുമാരപുരം പ്രാഥമികാരോഗ്യ കേന്ദ്രം രോഗികൾക്കും, ഡോക്ടർമാർക്കും ഉപകാരമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതു മൂലം രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങിപ്പോകുന്നത് സ്ഥിരം കാഴ്ച്ചയാണ്. ദിവസവും ഇരുനൂറിലേറെ രോഗികളാണ് ഇവിടെ ചികിത്സക്കായെത്തുന്നത് .നിലവിൽ ഒരു ഡോക്ടറുടെ സേവനം മാത്രം ലഭിക്കുന്ന ആരോഗ്യകേന്ദ്രത്തിൽ പല രോഗികൾക്കും ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് ചികിത്സ ലഭ്യമാവുന്നത്. പഞ്ചായത്ത് നിയമിച്ച ഡോക്ടർ അവധിയിൽ പോയതിനാലാണ് രോഗികളുടെ തിരക്കേറുന്നത്. കുന്നത്തുനാട്, കിഴക്കമ്പലം, വടവുകോട് പുത്തൻകുരിശ് തുടങ്ങിയ പഞ്ചായത്ത് പരിധിയിൽ നിന്നും ഒട്ടേറെ രോഗികളാണ് ഡോക്ടറെ കാണാൻ നിത്യവുമെത്തുന്നത്.രണ്ട് ഡോക്ടർമാരുടെ സേവനവും ​5 ഹെൽത്ത് സെന്ററുകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒട്ടേറെ രോഗികളാണ് ചികിത്സ ലഭിക്കാതെ മടങ്ങിപ്പോകുന്നത്. വാക്‌സിനേഷൻ ഉള്ള ദിവസങ്ങളിൽ ഡോക്ടടർമാരുടെ സേവനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലഭിക്കില്ല. ഇതിനായി പകരം സൗകര്യം ഒരുക്കണമെന്നും,കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നാണ് രോഗികളുടെ ആവശ്യം. നേരത്തെ എം.എൽ.എ ഫണ്ടിൽ നിന്നും കോടികൾ മുടക്കി നിർമ്മിച്ച ഡോക്ടറുടെ ക്വാർട്ടേഴ്‌സ്, കിടത്തി ചികിത്സാ വാർഡ്, ഓപ്പറേഷൻ തിയ​റ്റർ, മോർച്ചറി എന്നിവ ഉപയോഗിക്കാതെ കാലപ്പഴക്കം കൊണ്ട് നശിക്കുകയാണ്. പഴയ കെട്ടിടത്തിൽ ഒട്ടേറെ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുമ്പോഴും അധികൃതർക്ക് ഇക്കാര്യത്തിൽ നടപടിയെടുക്കുന്നില്ല.