ആലുവ: എടയാർ സ്വർണക്കവർച്ച കേസിൽ പിടിയിലായ നാല് പ്രതികളെക്കൂടി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുഖ്യസൂത്രധാരൻ ഇടുക്കി മുരിക്കാശേരി കുര്യാത്ത് സതീഷ് സെബാസ്റ്റ്യൻ (39), തൊടുപുഴ മടക്കത്താനം കിഴക്കേമടത്തിൽ റാഷീദ് ബഷീർ (39), മടക്കത്താനം വെള്ളാപ്പള്ളിയിൽ നസീബ് നൗഷാദ് (22), തൊടുപുഴ കുമാരമംഗലം നടുവിലകത്ത് സുനീഷ് സുധാകരൻ (30) എന്നിവരെയാണ് അങ്കമാലി കോടതി റിമാൻഡ് ചെയ്തത്. ആദ്യം പിടിയിലായ തൊടുപുഴ മുതലക്കോടം സ്വദേശി ബിബിൻ ജോർജിനെ നേരത്തേ റിമാൻഡ് ചെയ്തിരുന്നു.
പ്രതികൾ സഞ്ചരിച്ച കാറും ബൈക്കും കസ്റ്റഡിയിലെടുത്തെങ്കിലും തൊണ്ടിമുതൽ കണ്ടെത്താനായിട്ടില്ല. ഇത് ഒളിപ്പിച്ചവരെ ഉൾപ്പെടെ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന് അന്വേഷണ സംഘത്തലവൻ ആലുവ സി.ഐ കെ.ബി. സലീഷ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലേ സ്വർണം ഒളിപ്പിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരം ലഭിക്കൂ. സ്ഥാപന ഉടമയെ പഴിചാരി രക്ഷപ്പെടാനാണ് ആദ്യം ശ്രമിച്ച പ്രതികൾ ഒടുവിൽ, സ്വർണം ഇടുക്കി വനമേഖലയിലെ കനാലിൽ കുഴിച്ചിട്ടതായി വെളിപ്പെടുത്തി. എന്നാൽ, ശനിയാഴ്ചയും ഇന്നലെയുമായി നടത്തിയ തെരച്ചിലിൽ സ്വർണം കണ്ടെത്താനായില്ല.