കൊച്ചി : അറ്റകുറ്റപ്പണി നടക്കുന്ന പാലാരിവട്ടം മേല്പാലത്തിൽ ടാറിംഗ് പൂർത്തിയായാലും ഗതാഗതത്തിന് തുറന്ന് കൊടുക്കുവാൻ വെെകും. ഇടയ്ക്കിടെ കനത്ത മഴ വില്ലനായി എത്തുന്നതും ജോലിയുടെ വേഗതയെ ബാധിക്കുന്നു. നിലവിലെ ഗതാഗതക്കുരുക്കും സ്‌കൂൾ തുറക്കുമ്പോഴുണ്ടാകുന്ന തിരക്കും കൂടി പരിഗണിച്ച് ജോലി വേഗത്തിൽ പൂർത്തിയാക്കാനായിരുന്നു ശ്രമമെങ്കിലും അതിന് കഴിയില്ലെന്ന് അധികൃതർ പറയുന്നു.

പാലത്തിൽ അവശേഷിക്കുന്ന ടാറിംഗ് ജോലികൾ ബുധനാഴ്ച പൂർണമാകും. വിവിധ ഭാഗങ്ങളായി തിരിച്ച് പ്രധാന ടാറിംഗ് പൂർത്തീകരിച്ചെങ്കിലും ഇവയുടെ കൂട്ടിച്ചേർക്കലും അപ്രോച്ച് ഭാഗങ്ങളിലെ ടാറിംഗും നടത്തിയിരുന്നില്ല. ഈ ജോലികൾ പുരോഗമിക്കുകയാണ്. റീടാറിംഗി​ന് റബർ ചേർത്ത ബിറ്റുമിനാണ് ഉപയോഗിക്കുന്നത്. ടാറിംഗ് നിലവാരം ഉറപ്പുവരുത്തുന്നതിന് ഒരാഴ്ചത്തെ നിരീക്ഷണമുണ്ടാകും.

ചെന്നൈ എെ.എെ.ടിയിലെ സ്ട്രക്ചറൽ എൻജിനീയർമാരായ ജീവ, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ജോലി പുരോഗമിക്കുന്നത്. എെ.എെ.ടിയിലെ പ്രൊഫ. അളകസുന്ദരമൂർത്തി കൂടി ഇന്നെത്തുന്നതോടെ മേല്പാലത്തിലെ ഡെക്ക് സ്ളാബുകൾക്കിടയിലെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകും. ഇവ പരമ്പരാഗത രീതിയിലുള്ള സ്ട്രിപ്പ് സ്റ്റീൽ സംവിധാനത്തിലേക്കാണ് മാറ്റുന്നത്. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും എടുത്താലേ ഈ ജോലി പൂർത്തിയാവുകയുള്ളു. കാർബൺ ഫെെബർ റീ ഇൻഫോഴ്സ്ഡ് പോളിമർ ഉപയോഗിച്ച് ഗർഡറുകൾ ബലപ്പെടുത്താനാണ് ചെന്നൈ എെ.എെ.ടി വിദഗ്ദ്ധരുടെ ശുപാർശ. കാർബൺ ഫെെബറുകൾ വിദേശത്തുനിന്ന് എത്തിച്ചാലേ ഈ പ്രവർത്തനങ്ങളിലേക്ക് കടക്കാനാവൂ.

വിദഗ്ദ്ധസമിതി നാളെ എത്തും

മേൽപ്പാലത്തിന്റെ പുന:സ്ഥാപനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിദഗ്ദ്ധസമിതി അംഗങ്ങൾ നാളെ മേൽപ്പാലം സന്ദർശിക്കും. പാലത്തിൽ ഇതുവരെ ചെയ്ത ജോലികൾ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ അശോക്‌കുമാർ, ബ്രിഡ്ജസ് വിഭാഗംചീഫ് എൻജിനീയർ മനോമോഹൻ, ദേശീയപാത വിഭാഗം മുൻ ചീഫ് എൻജിനീയർ ജീവൻരാജ് എന്നിവരടങ്ങുന്ന സമിതി വിലയിരുത്തും.

 പരിശോധനാഫലം വൈകുന്നു

മേല്പാലത്തിലെ സാമ്പിൾ പരിശോധനാ ഫലം വൈകും. തിരുവനന്തപുരം ലാബിലെ പരിശോധനയാണ് വൈകുന്നത്. കോൺക്രീറ്റ് സാമ്പിൾ വെള്ളത്തിൽ നേർപ്പിച്ചാണ് പരിശോധന നടക്കുന്നത്. ഇതിന് സമയമെടുക്കുന്നതാണ് റിപ്പോർട്ട് വൈകാൻ കാരണം. സാമ്പിൾ പരിശോധനാ ഫലം വന്ന ശേഷമേ വിജിലൻസിന്റെ ആദ്യഘട്ട റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂ.

 വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കും

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കുറഞ്ഞത് മൂന്നുമാത്തോളം വേണമെന്നായിരുന്നു ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദ്ധ സംഘത്തിന്റെ കണ്ടെത്തൽ. ഗർഡറുകൾക്കിടയിലെ സ്റ്റീൽ ഫാബ്രിക്കേഷൻ ജോലികളും റീടാറിംഗും പൂർത്തിയായാൽ പാലം താത്കാലികമായി ഗതാഗതത്തിനായി തുറന്ന് കൊടുക്കാനാണ് തീരുമാനം. ഇതിന് മൂന്നാഴ്ചയെങ്കിലുമെടുക്കും. മറ്റ് ജോലികൾ മഴക്കാലത്തിന് ശേഷം പുനരാരംഭിക്കും. പാലം താത്കാലികമായി തുറന്നു കൊടുത്താലും തുടർ ജോലികൾ നിർവഹിക്കാനാകുമെന്നാണ് ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദ്ധൻ പ്രൊഫ. അളകസുന്ദരമൂർത്തിയുടെ അഭിപ്രായം.

അലക്സ് ജോസഫ് , ജനറൽ മാനേജർ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ