മൂവാറ്റുപുഴ: നഗരസഭയുടെ കീഴിലുള്ള ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ആശ്രമം പ്രൈവറ്റ് ബസ്‌സ്റ്റാൻഡിൽ സാമൂഹ്യവിരുദ്ധർ പിടിമുറുക്കി. സ്റ്റാൻഡിനകത്ത് പൊലീസ് എയ്ഡ് പോസ്റ്റിനായി സൗകര്യപ്രദമായ കെട്ടിടം നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. നേരം വൈകുന്നതോടെ മദ്യപാനികളുടെയും മയക്കുമരുന്നുപയോഗിക്കുന്നവരുടെയും മറ്റും താവളമായി ബസ് സ്റ്റാൻഡ് മാറിയിരിക്കുകയാണ്. ഇവിടെ കുടുംബസമേതം ബസ്‌കാത്ത് നിൽക്കുവാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്.
പാർക്കിംഗ് കേന്ദ്രമായി മാറി
ഇരുചക്രവാഹനമുൾപ്പടെയുള്ള നിരവധി സ്വകാര്യ വാഹനങ്ങൾ പാർക്കുചെയ്യുന്ന പാർക്കിംഗ് ഏരിയയായി സ്റ്റാൻഡ് മാറിയിരിക്കുന്നു. പകൽ സമയങ്ങളിൽപ്പോലും സാമൂഹ്യ വിരുദ്ധരുടേയും മദ്യപാനികളുടേയും ശല്യം രൂക്ഷമായതോടെ സ്ത്രീകളും ,കുട്ടികളും ഭയന്നു വിറച്ചാണ് സ്റ്റാൻഡിനുള്ളിൽ ബസ് കാത്തുനിൽക്കുന്നത്. സ്റ്റാൻഡിൽ അനധികൃത വാഹനങ്ങൾ പാർക്കുചെയ്യുന്നത് നിരോധിക്കണമെന്നും പൊലീസ് എയ്ഡ് പോസ്റ്റിൽ വനിതാ പൊലീസിനെയുൾപ്പെടെ ഡ്യൂട്ടിക്ക് നിയമിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.