പറവൂർ : മൂത്തകുന്നം മടപ്ളാതുരുത്ത് ശ്രീ ഗുരുദേവ വൈദിക തന്ത്രവിദ്യാപീഠം മുപ്പത്തിരണ്ടാമത് വാർഷികാഘോഷം ഇന്ന് തുടങ്ങും. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷം ജൂൺ രണ്ടിന് വാർഷിക സമ്മേളനത്തോടെ സമാപിക്കും. ഇന്ന് രാവിലെ ഗുരുപൂജ, മഹാഗണപതിഹോമം, വിഷ്ണുസഹസ്രനാമജപം, ഭഗവത പാരായണം, വൈകിട്ട് ലളിതാസഹസ്രനാമാർച്ച എന്നിവ നടക്കും. 31ന് രാവിലെ ഭാഗവത പാരായണം, സത്യനാരായണപൂജ, നവഗ്രപൂജ, നവഗ്രശാന്തിഹോമം, വൈകിട്ട് ഭഗവതിസേവ, ലളിതാസഹസ്രനാമാജപം, ജൂൺ ഒന്നിന് രാവിലെ ഭാഗവതപാരായണം, ഉമാമഹേശ്വരപൂജ, വിദ്യാമന്ത്രാർച്ചന, വൈകിട്ട് കഥാപ്രസംഗം - കർണ്ണൻ, സമാപന ദിനമായ രണ്ടിന് രാവിലെ പത്തിന് ഭാഗവത സർപ്പണം, പതിനൊന്നിന് കുടുംബസംഗമം, വൈകിട്ട് അഞ്ചിന് വാർഷിക സമ്മേളനം ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. വിദ്യാപീഠം രക്ഷാധികാരി കെ.കെ. അനിരുദ്ധൻ തന്ത്രി അദ്ധ്യക്ഷത വഹിക്കും. അഡ്വ. ജയശങ്കർ മുഖ്യപ്രഭാഷണം നടത്തും. വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട്, പറവൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, ടി.എ. ജോസ്, കെ.എസ്. ശ്രീകുമാർ, സുരേന്ദ്രൻ,എം.സി. സാബു ശാന്തി, ടി.കെ. ഉണ്ണികൃഷ്ണൻ ശാന്തി തുടങ്ങിയവർ സംസാരിക്കും. ഏഴരയ്ക്ക് കുറിച്ചിത്താനം ജയകുമാറിന്റെ ഓട്ടൻതുള്ളൽ. ഡോക്ടറേറ്റ് ലഭിച്ച ശ്യാംരാജിനെ ചടങ്ങിൽ ആദരിക്കും.