പറവൂർ : പ്രളയ ബാധിത മേഖലകൾക്ക് ധനസഹായമായി ലോക ബാങ്ക് കേരളത്തിന് നൽകുന്ന പണം ഏതെല്ലാം മേഖലകളിലാണ് വിനിയോഗിക്കേണ്ടെന്ന് പഠിക്കാൻ ലോക ബാങ്ക് പ്രതിനിധികൾ സ്ഥലങ്ങൾ സന്ദർശിച്ചു. വടക്കേക്കര, ചേന്ദമംഗലം പഞ്ചായത്തുകളിലായിരുന്നു സന്ദർശനം. പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിമ്മാണം, വടക്കേക്കരയിലെ ഇഷ്ടിക നിർമാണ യൂണിറ്റ്, കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘം എന്നിവിടങ്ങളിലാണ് സംഘം സന്ദർശിച്ചത്. കാർഷികം, പരമ്പരാഗത വ്യവസായം, തകർന്ന വീടുകളുടെ പുനർനിർമാണം എന്നിവയിലാണ് ലോക ബാങ്കിന്റെ ഫണ്ട് പ്രധാനമായി ചെലവഴിക്കുക. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തുന്നത്. ലോക ബാങ്ക് പ്രതിനിധികളായ ബാലകൃഷ്ണ മേനോൻ, ഇല്ലിക്ക എന്നിവർക്കൊപ്പം ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.ഡി ഷീലാദേവി, തഹസിൽദാർമാരായ എൻ.എസ്. സുരേഷ്കുമാർ, കെ.സി. ഷീല, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വിനു ഏബ്രാഹം, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ്, കൈത്തറി സംഘം പ്രസിഡന്റ് കെ.പി. സദാനന്ദൻ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.