കൊച്ചി: നവോത്ഥാനത്തിന്റെ അടിത്തറ മനുഷ്യത്വമാണെന്നും സമത്വം സ്വാതന്ത്ര്യം സാഹോദര്യം പ്രഖ്യാപനം നടത്തിയത് യുക്തിവാദികളാണെന്നും പ്രൊഫ.എം.കെ.സാനു പറഞ്ഞു.സമൂഹത്തെ മുന്നോട്ടു നയിച്ച ശാസ്ത്ര ചിന്തക്കും യുക്തിവാദത്തിനും ഭീഷണിയായി വിശ്വാസം വളർന്നിരിക്കുന്നു. താൻ അടിമയാണെന്ന് സ്വയം പ്രഖ്യാപിക്കുന്നവരുടെ ചരിത്രമാണ് ഇന്നത്തേത് . കേരള മിശ്രവിവാഹ വേദിയുടെയും യുക്തിവാദി സംഘത്തിന്റെയും ആഭിമുഖ്യത്തിൽ വി.കെ.പവിത്രന്റെ ഗൃഹത്തിൽ നിന്ന് വി.ടി ഭട്ടതിരിപ്പാടിന്റെ ഭവനത്തിലേക്ക് നടത്തുന്ന സാംസ്‌കാരിക വിപ്ലവ നവോത്ഥാന ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട്ട് നിന്ന് ചെമ്പഴന്തിയിലേക്ക് വി.ടി ഭട്ടതിരിപ്പാട് നയിച്ച സാമൂഹ്യ സാംസ്‌കാരിക വിപ്ലവ പ്രചരണ ജാഥയുടെ 50ാം വർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു ജാഥ. ജസ്റ്റീസ് കെ.കെ.ദിനേശൻ അദ്ധ്യക്ഷനായിരുന്നു. പി.ടി.തോമസ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയ ശ്രീഷ്മ പി.ആർ, സ്‌നേഹ അനിൽ, സാഗർ ബി.എസ്, സ്‌നേഹ ദിനേശ് എന്നിവർക്കുള്ള മതമില്ലാത്ത ജീവൻ അവാർഡ് ജസ്റ്റീസ് കെ.കെ.ദിനേശൻ വിതരണം ചെയ്തു. ജാഥ ക്യാപ്റ്റൻ അഡ്വ.രാജഗോപാൽ വാകത്താനം, ജാഥ മാനേജർ പി.ഇ.സുധാകരൻ, കെ.പി.തങ്കപ്പൻ, ടി.എസ്.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.