കൊച്ചി : തൊണ്ണൂറു ദിവസം വരെ സാധാരണ അന്തരീക്ഷത്തിൽ കേടു കൂടാതെ സൂക്ഷിക്കാവുന്ന പാൽ മിൽമ വിപണിയിലിറക്കും. വിറ്റാമിൻ എയും ഡിയും ചേർത്ത പാൽ പരീക്ഷണാടിസ്ഥാനത്തിൽ പായ്ക്കു ചെയ്തുതുടങ്ങി.
54 കോടി രൂപ ചെലവിൽ നിർമ്മിച്ച കണ്ണൂർ ശ്രീകണ്ഠാപുരത്തെ പുതിയ ഡയറിയിലാണ് പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് ദീർഘകാലം സൂക്ഷിക്കാവുന്ന പാൽ തയ്യാറാക്കുന്നതെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഉത്പാദനം വിജയകരമാണ്. നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡിന്റെ സഹകരണവും സാങ്കേതികവിദ്യയുമാണ് ഇതിന് ഉപയോഗിക്കുന്നത്.
മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്ക് പാലും ഐസ്ക്രീം ഒഴികെ മിൽമയുടെ ഉത്പന്നങ്ങളും വീടുകളിൽ എത്തിച്ചുനൽകുന്ന പദ്ധതി തിരുവനന്തപുരത്ത് ജൂൺ ഒന്നിന് ആരംഭിക്കും. എ.എം നീഡ്സ് എന്നപേരിൽ രാവിലെ അഞ്ചിനും എട്ടിനുമിടയിലാണ് വിതരണം. ഭക്ഷണം വിതരണം ചെയ്യുന്നവരെ ഉപയോഗിച്ചാകും ഇത്.
വിറ്റാമിൻ എയും ഡിയും ചേർത്ത പാൽ ഈമാസം 30 മുതൽ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും വില്പന ആരംഭിക്കുമെന്ന് എറണാകുളം മേഖലാ ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞു. രാജ്യത്തെ 60 ശതമാനം ജനങ്ങളിലും വിറ്റാമിൻ എയും ഡിയും കുറവാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാൻ ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി, നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ്, ഇന്ത്യ നുട്രീഷ്യൻ ഇനിഷ്യേറ്റീവ്, ടാറ്റാ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തരം പാൽ തയ്യാറാക്കുന്നത്.
ലിറ്ററിന് 20 പൈസയുടെ ഉത്പാദനച്ചെലവ് കൂടുതലാണെങ്കിലും പായ്ക്കറ്റ് വിലയിൽ മാറ്റമില്ല. തിരുവനന്തപുരം, മലബാർ മേഖലകളിൽ ഇത്തരം പാൽ നേരത്തെ വിപണിയിലിറക്കിയിരുന്നു.