police
ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജവഹർ ജനാർദ്ദ് ക്ളാസെടുക്കുന്നു

ആലുവ: കേരളത്തിലെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ പദ്ധതി റൂറൽ ജില്ലയിലേക്കും വ്യപിപ്പിക്കും. ഇതിന്റെ ഭാഗമായി റൂറൽ ജില്ലയിൽ അങ്കമാലി, മൂവാറ്റുപുഴ, കുറുപ്പംപടി എന്നീ മൂന്ന് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കായി ദ്വിദിന പരിശീലനം ആരംഭിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജവഹർ ജനാർദ്ദ്, ഹൈക്കോർട്ട് വിജിലൻസ് ഡി.വൈ.എസ്.പി ജോസഫ് സാജൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സൈന, ഒ.ആർ.സി മെമ്പർമാരായ ജിജി വർഗ്ഗീസ്, ടി.ആർ. ശരത്, ടി.എം. നീലിമ എന്നിവർ ക്ലാസുകളെടുത്തു.

ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ എന്ന ആശയം ആദ്യമായി സംസ്ഥാനത്ത് നടപ്പാക്കിയത് ആറ് പൊലീസ് സ്റ്റേഷനുകളിലാണ്. പദ്ധതി വൻ വിജയമായതിനെ തുടർന്നാണ് കേരളത്തിലെ 54 പൊലീസ് സ്റ്റേഷനുകളിൽ പദ്ധതി വ്യാപിപ്പിക്കുന്നത്. യൂണിസെഫിന്റെ സഹകരണത്തോടെയാണ് പൊലീസുകാർക്ക് പരിശീലനം നൽകുന്നത്.

'ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ'

കുട്ടികൾക്ക് ചുറ്റും സംരക്ഷണത്തിന്റെ അദൃശ്യമായ വലയം സൃഷ്ടിക്കുക

ധൃതഗതിയിൽ മാറ്റങ്ങൾക്ക് വിധേയമാകുന്ന സമൂഹത്തിൽ കൂടുതൽ വെല്ലുവിളികൾ നേരിടുന്നത് കുട്ടികളാണ്. കുട്ടികൾ ഏർപ്പെടുന്ന കുറ്റകൃത്യങ്ങളും ഭീതിജനകമായ വിധം വർദ്ധിച്ച സാഹചര്യത്തിൽ കുട്ടികൾക്ക് പരിചരണവും സംരക്ഷണവും ഉറപ്പാക്കുന്നതിന് കേരള പൊലീസ് നടപ്പിലാക്കുന്ന ആശയമാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ.
കുട്ടികളുടെ പരിചരണത്തിനും വികാസത്തിനും ഉത്തരവാദിത്തപ്പെട്ട ഏജൻസികളുടെ കൂട്ടായ്മയിലൂടെ സംരക്ഷണ വലയം സൃഷ്ടിക്കുക എന്ന ദൗത്യമാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകൾ നിർവഹിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമികുന്നവർക്കെതിരെ സമയബന്ധിതവുമായി ശിക്ഷ ഉറപ്പുവരുത്തുക, കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുക, കുട്ടികളുമായി ഇടപഴുകുമ്പോൾ സഹരക്ഷിതാവ് എന്ന ഭാവത്തിൽ പെരുമാറുക, കുട്ടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഭയമില്ലാതെ സമീപിക്കാവുന്ന ഇടങ്ങളായി പൊലീസ് സ്റ്റേഷനുകളെ മാറ്റുക തുടങ്ങിയവയാണ് ഉദ്ദേശലക്ഷ്യങ്ങൾ.
സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുള്ള ശിശുസൗഹൃദ ഇടങ്ങളിൽ സമീപത്തുള്ള കുട്ടികൾ, പ്രത്യേകിച്ച് വെല്ലുവിളികൾ നേരിടുന്ന സാമൂഹിക സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾ പൊലീസുകാരുടെ സ്‌നേഹപൂർണമായ മേൽനോട്ടത്തിൽ കളിക്കുകയും വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. കുട്ടികൾ ഭയാശങ്കകളില്ലാതെ ശ്രദ്ധയിൽപ്പെടുന്ന പ്രശ്‌നങ്ങൾ പൊലീസിനെ അറിയിക്കുന്നതിനായി സ്റ്റേഷനുകളെ സമീപിക്കുന്നുണ്ട്.
സമാനമായ രീതിയിൽ ഈ ആശയം ഇന്ത്യയിലൊട്ടാകെ നടപ്പിലാക്കുന്നതിനായി ഇന്ത്യയുടെ ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് നടപടി സ്വീകരിക്കുന്നുണ്ട്.