പിടിക്കപ്പെട്ടാൽ രക്ഷിതാക്കൾക്കെതിരെ നടപടി


തൃക്കാക്കര : ജില്ലയിലെ കുട്ടി ഡ്രൈവർമാർക്ക് മൂക്കുകയറിടാൻ മോട്ടോർ വാഹന വകുപ്പ് ..പരിശോധന ശക്തമാക്കാനുള്ള മുന്നൊരുക്കംതുടങ്ങി.ഹൈസ്കൂൾ മുതൽ കോളേജ് തലംവരെയുള്ളവിദ്യാർത്ഥികളാണ് അമിത വേഗം മൂലം അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നതെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ വിലയിരുത്തൽ. രാവിലെയും വൈകീട്ടും പല ബൈക്കുകളിലും മൂന്നുപേരോ അതിലധികമോ പേർ ഉണ്ടാകും.

ഇവർ അമിതവേഗത്തിൽ ആളുകളെ പേടിക്കുന്ന രീതിയിലുള്ള ഹോൺ മുഴക്കിയാണ് യാത്ര ചെയ്യുന്നത്. കൂടാതെ സൈലൻസറിൽ ദ്വാരമിട്ട് അമിത ശബ്ദമുണ്ടാക്കുന്നു.മറ്റു വാഹനയാത്രികർക്കും കാൽനടക്കാർക്കും ഇതു ഭീഷണിയാണ്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതലായി ബൈക്കിൽ പറക്കുന്നത്. പല ബൈക്കുകളും നൂറുകിലോമീറ്ററിൽ കൂടുതൽ വേഗതയിലാണ് പായുന്നത്. മതിയായ രേഖകളോ രജിസ്‌ട്രേഷൻനമ്പറോ ഇല്ലാത്ത ബൈക്കുകളിലാണ് കൂടുതലും. നടപടിയെടുക്കാൻ സ്‌കൂൾ,കോളേജ് അധികൃതർ തയ്യാറല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കാക്കനാടിന്റെ പ്രധാന നിരത്തുകളെല്ലാം കുട്ടിഡ്രൈവർമാരുടെ നിയന്ത്രണത്തിലാണ്.രാവിലെയും വൈകീട്ടുമാണ് ഇവരുടെ അഭ്യാസ പ്രകടനങ്ങൾ ഏറെയും.മാസങ്ങൾക്ക് മുമ്പ് കാക്കനാട് ഇൻഫോപാർക്ക് ,പുതിയ ഹൈവേ,കാക്കനാട് പള്ളിക്കര റോഡ്, സീ പോർട്ട് എയർ പോർട്ട് റോഡ്,തുടങ്ങി പ്രധാന റോഡുകളിൽ കുട്ടിഡ്രൈവർമാരുടെ അഭ്യാസ പ്രകടനങ്ങൾ കൈയോടെ പിടികൂടിയിരുന്നു.പിടികൂടിയാൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി എടുക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.