കൊച്ചി:നാലുമാസത്തിനിടെ വലുതും ചെറുതുമായ ഒട്ടേറെ തീപിടിത്തങ്ങൾക്കാണ് നഗരം സാക്ഷിയായത്. . ചൂടു കൂടുന്തോറും നഗരവാസികൾക്ക് ഫയർഫോഴ്സിന്റെ മുന്നറിയിപ്പ് ഇടവിട്ട് ലഭിക്കുന്നത് അതുകൊണ്ട് തന്നെ.
ഫെബ്രുവരിയിൽ നഗരമദ്ധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപം ചെരുപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തമായിരുന്നു ഈവർഷം ആദ്യം കൊച്ചിയെ ഞെട്ടിച്ചത്. അഞ്ചുനിലയിൽ ആളിപ്പടർന്ന തീ അണയ്ക്കാൻ ഇരുപത് യൂണിറ്റ് ഫയർഫോഴ്സ് നാലു മണിക്കൂറിലേറെ പരിശ്രമിച്ചു. ഞെട്ടൽ മാറും മുമ്പെ കൊച്ചി നഗരത്തെയാകെ പുകയിൽ മുക്കി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിൽ തീപിടിച്ചു. അണച്ചെന്ന് ആശ്വാസം കൊള്ളുംമുമ്പ് വീണ്ടും തീപിടിത്തമുണ്ടായി.
അതിന് ശേഷം നഗരത്തിൽ പലയിടങ്ങളിലായി മാലിന്യത്തിന് തീപിടിച്ചെങ്കിലും എല്ലാം നിയന്ത്രിക്കാൻ ഫയർഫോഴ്സിനായി. പാലാരിവട്ടത്ത് സാനിറ്ററി ഗോഡൗണിന് തീപിടിച്ചതും ഈ വർഷം ആദ്യമാണ്. ചന്ദനത്തിരി യിൽ നിന്ന് ഫ്ളാറ്റിന് തീപിടിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്.
ബ്രോഡ്‌വേ തന്നെ പലയാവർത്തി തീപിടിത്തത്തിന് സാക്ഷിയായിട്ടുണ്ട്. എട്ടുവർഷം മുമ്പ് മറൈൻ ഡ്രൈവിലെ ജോയ് ആലുക്കാസ് ടവറിലുണ്ടാക്കിയ തീപിടിത്തം നഗരവാസികൾ ഇന്നും മറന്നിട്ടില്ല. അന്ന് എട്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
കഴിഞ്ഞവർഷം ഏപ്രിലിൽ പാലാരിവട്ടത്ത് ഭക്ഷണശാലയിൽ ഗ്യാസ് സിലിണ്ടർ മാറ്റുന്നതിനിടയിൽ വാതകം ചോർന്ന് തീപിടിത്തമുണ്ടായി. പാചകാവശ്യങ്ങൾക്കായി
ഹോട്ടലിൽ സൂക്ഷിച്ചിരുന്ന ആറ് ഗ്യാസ് സിലിണ്ടറുകളിൽ മൂന്നെണ്ണത്തിൽ നിന്ന് ഗ്യാസ് ചോർന്നതും അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ജൂണിൽ നോർത്ത് എസ്.ആർ.എം. റോഡിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ പഠനോപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീപിടിച്ചിരുന്നു.
കഴിഞ്ഞ വർഷം മേയിൽ എറണാകുളം മാർഷലിംഗ് യാഡിൽ സ്റ്റാഫ് കാന്റീനിൽ സിലിണ്ടറിൽനിന്നു പാചകവാതകം ചോർന്നു തീപിടിത്തമുണ്ടായി. 2017 മേയിൽ എം..ജിറോഡിലെ ഷോപ്പിംഗ് മാളിൽ നാലാം നിലയിലെ ഫുഡ് കോർട്ടിലെ അടുക്കളയിൽനിന്ന് തീ പടർന്നു. മാളിലെ തിയേറ്ററിൽ സിനിമ പ്രദർശനം നടക്കുന്ന സമയത്തായിരുന്നു ഇത്. ഇതിന് പുറമേ ചെറുതും വലുതുമായി നിരവധിസംഭവങ്ങൾക്കാണ് നഗരം സാക്ഷിയായത്. എല്ലായിടത്തും ആളപായം ഒഴിവാക്കാനായതാണ് ആശ്വാസമെന്ന് അഗ്നിശമന സേനാ അധികൃതർ പറഞ്ഞു.