ആലുവ: അധികൃതരുടെ അനാസ്ഥ മൂലം മലിനമായി മാറികൊണ്ടിരിക്കുന്ന സ്ഥാപനമാണ് ആലുവ മുനസിപ്പൽ ടൗൺഹാൾ . നഗരസഭയുടെ കീഴിലുള്ള മാലിന്യശേഖരണ വാഹനങ്ങളും, നീക്കം ചെയ്ത അനധികൃത പരസ്യ ബോർഡുകളും കൂടികിടക്കുന്നതും സൂക്ഷിക്കുന്നതുമെല്ലാം ടൗൺ ഹാളിന്റെ പരിസരങ്ങളിസാണ്. അതുകെണ്ട് തന്നെ ദുർഗന്ധവും വാഹന പാർക്കിംഗിന് സൗകര്യവുമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവിടെ എത്തുന്നവർ.
ഇന്നലെ ടൗൺ ഹാളിൽ ആരംഭിച്ച ത്രിദിന പുസ്തകോത്സവത്തിൽ പങ്കെടുക്കാനെത്തിയവരെല്ലാം മൂക്കുപൊത്തിയാണ് ടൗൺ ഹാളിലേക്ക് പ്രവേശിച്ചത്. പ്രവേശന കവടാത്തിന്റെ ഇടതുവശം തുരുമ്പെടുത്ത പരസ്യ ബോർഡുകൾ കൂട്ടിയിട്ടിരിക്കുകയാണ്. ലോറികളിൽ നിന്നും നിലത്തുവീണ് ചിതറിക്കിടക്കുന്ന മാലിന്യത്തിൽ നിന്നുമാണ് ദുർഗന്ധം വമിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിരത്തുകളിൽ നിന്നും നീക്കം ചെയ്തതാണ് പരസ്യ ബോർഡുകൾ. ഇത് ലേലം ചെയ്താൽ തന്നെ നഗരസഭക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാം. അതും നഷ്ടപ്പെടുത്തിയാണ് ജനങ്ങളെ ദ്രോഹിക്കുന്നത്. കാൽ ലക്ഷത്തോളം രൂപ വാടക നൽകി വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കുമായി ടൗൺ ഹാൾ ബുക്ക് ചെയ്യുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ പോലും സൗകര്യമുണ്ടാകാറില്ല. ടൗൺഹാൾ കവലയിലും തുരുത്ത് റോഡിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പലപ്പോഴും കാൽനട യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് നഗരസഭ അധികാരികൾ.