gold-smuggling

കൊച്ചി : തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ പ്രതികൾ വൻതോതിൽ സ്വർണം കടത്തിയതായി സൂചനകൾ ലഭിച്ചെന്നും അഡ്വ. എം. ബിജു ഉൾപ്പെടെ മുഖ്യ പ്രതികൾക്ക് സമൻസ് നൽകിയെങ്കിലും ഹാജരായില്ലെന്നും ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഒളിവിൽ കഴിയുന്ന അഡ്വ. എം. ബിജു നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഡി.ആർ.ഐ സീനിയർ അന്വേഷണ ഉദ്യോഗസ്ഥൻ ബാലവിനായകൻ നൽകിയ സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യം പറയുന്നത്. ബിജുവും മറ്റൊരു പ്രതി വിഷ്ണു സോമസുന്ദരവും 13.50 ലക്ഷം രൂപ വീതം നൽകി ദുബായ് ഗാർമെന്റ്സ് കമ്പനിയുടെ ഒാഹരികൾ വാങ്ങിയിരുന്നു. കള്ളക്കടത്തിലൂടെ ലഭിച്ച പണമാണ് ഇതിനുപയോഗിച്ചതെന്ന് സംശയമുണ്ട്. ഇന്ത്യയിലേക്കുള്ള സ്വർണക്കടത്ത് അപകടകരമായ തോതിൽ വർദ്ധിച്ചെന്നും കള്ളക്കടത്തിലൂടെ ലഭിക്കുന്ന കള്ളപ്പണം രാജ്യത്തെ സാമ്പത്തിക നില തകർക്കുമെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.

മേയ് 13 ന് ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ സുനിൽകുമാർ, സെറീന ഷാജി എന്നിവരിൽ നിന്നാണ് 8.17 കോടി രൂപ വിലവരുന്ന 25 കിലോ സ്വർണം പിടികൂടിയത്. ദുബായ് എയർപോർട്ടിൽ 25 കിലോ സ്വർണം കൈവശമുണ്ടെന്ന് രേഖപ്പെടുത്തിയ സെറീന തിരുവനന്തപുരത്തെത്തിയപ്പോൾ വിലപിടിപ്പുള്ളതൊന്നും കൈവശമില്ലെന്നാണ് പറഞ്ഞത്. നവംബറിനു ശേഷം പലതവണ ദുബായിൽ പോയിട്ടുണ്ടെന്നും സ്വർണവുമായി വരുന്നവർക്ക് എസ്കോർട്ട് പോവുകയാണ് ചെയ്തിരുന്നതെന്നും സുനിൽ മൊഴി നൽകി. ബന്ധുവായ പ്രകാശ് ദുബായിൽ പരിചയപ്പെടുത്തിയ വിഷ്ണുവും ജിത്തുവെന്ന ആകാശ് ഷാജിയുമാണ് കള്ളക്കടത്തിലെ പങ്കാളികളെന്നും ഒാരോ തവണയും 1000 ദിർഹം പ്രതിഫലമായി ലഭിച്ചെന്നും സുനിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബിജുവാണ് കള്ളക്കടത്തു റാക്കറ്റിനെ പരിചയപ്പെടുത്തിയതെന്ന് സെറീനയുടെ മൊഴിയിൽ പറയുന്നു. ഏഴെട്ടു തവണയായി 50 കിലോ സ്വർണം കടത്തിയെന്നും അഡ്വ. ബിജു, ഭാര്യ വിനീത, ഷാജി സത്താർ, ചിത്ര, ഉമാദേവി, സിന്ധു, അബൂബക്കർ, പ്രകാശൻ തമ്പി, സംഗീത, വിഷ്ണു സോമസുന്ദരം, ജിത്തുവെന്ന ആകാശ് ഷാജി എന്നിവർ സ്വർണം കടത്തിയിട്ടുണ്ടെന്നും സെറീന വെളിപ്പെടുത്തി. പിന്നീട് അറസ്റ്റിലായ വിനീത ഭർത്താവിന്റെ പ്രേരണയിൽ 20 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. എയർപോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരെയും എസ്.പിയെയും ചോദ്യം ചെയ്തു. കള്ളക്കടത്തിൽ പങ്കില്ലെന്നാണ് ഇവർ മൊഴി നൽകിയത്. എസ്.പിയുടെ വീട്ടിൽ പരിശോധന നടത്തി. മൊബൈലുകൾ കണ്ടെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബിജു തിരുവനന്തപുരത്തെ പി.പി.എം ചെയിൻസ് എന്ന ഹോൾസെയിൽ ജുവലറിയുടെ മാനേജർ അബ്ദുൾ ഹക്കീമിനാണ് സ്വർണം കൈമാറിയിരുന്നത്. പി.പി.എം ചെയിൻസിലും പ്രതികളുടെ വീട്ടിലും നടത്തിയ പരിശോധനയിൽ കുറ്റം ചുമത്താൻ കഴിയുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. വിഷ്ണു, ബിജു, അബ്ദുൾ ഹക്കീം എന്നിവർക്ക് സമൻസ് നൽകിയിട്ടും ഹാജരായില്ലെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.