ആലുവ: കീഴ്മാട് - തടിയിട്ടപറമ്പ് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശിന്റെ നേതൃത്വത്തിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ ആലുവ പൊതുമരാമത്ത് ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.
സംഭവമറിഞ്ഞ് ആലുവ പൊലീസ് സബ് ഇൻസ്‌പെക്ടർ പി.കെ. മോഹിതിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ചർച്ചയിൽ 15 ദിവസത്തിനകം റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുമെന്നും മഴക്കാലത്തിനു ശേഷം ബി.എം.ബി.സി റീടാറിംഗ് നടത്തുമെന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ജൂൺ പത്താം തീയതിക്കുള്ളിൽ അറ്റകുറ്റപ്പണികൾ തീർത്തില്ലെങ്കിൽ സമരമാരംഭിക്കുമെന്ന് പ്രസിഡന്റ് കെ.എ. രമേശ് പറഞ്ഞു.
വൈസ് പ്രസിഡണ്ട് സൗജത്ത് ജലീൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കുഞ്ഞുമുഹമ്മദ് സൈതാലി, അഭിലാഷ് അശോകൻ, അംഗങ്ങളായ സതി ലാലു, എം.ഐ. ഇസ്മയിൽ. വി.വി. മന്മഥൻ, ജിഷ റിജോ, അനുകുട്ടൻ, പ്രീത റെജികുമാർ, അബു, ബീന ബാബു, എൽസി ജോസഫ്, സാജു മത്തായി, ലിസി സെബാസ്റ്റ്യൻ, കാജാ മൂസാ, സാഹിദ അബ്ദുൽസലാം എന്നിവർ പങ്കെടുത്തു.