മൂവാറ്റുപുഴ : വാനിൽ കൊണ്ടുവരികയായിരുന്ന നിരോധിത പുകയില ഉല്പന്നമായ 36000 ഹാൻസ് പായ്ക്കറ്റുകൾ വാഴക്കുളത്തുനിന്ന് പൊലീസ് പിടിച്ചെടുത്തു. പിക്ക് അപ്പ് വാനിൽ ഹാൻസ് കൊണ്ടു വരുന്നുണ്ടെന്ന് വാഴക്കുളം പോലീസ് സബ് ഇൻസ്‌പെക്ടർ വിനുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഹാൻസ് പായ്ക്കറ്റുകള്ളും വാഹനവും പിടികൂടിയത്.
ഞായറാഴ്ച അർദ്ധരാത്രിക്കുശേഷം മൂവാറ്റുപുഴ ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാൻ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോൾ പ്ലാറ്റ് ഫോമിൽ വെളുത്തുള്ളി നിറച്ച ചാക്കുകൾ അട്ടിയിട്ടിരിക്കുന്നതായി കണ്ടു. തുടർന്ന് വിശദ പരിശോധന നടത്തിയപ്പോളാണ് 15 ചാക്കിൽ വെളുത്തുള്ളി വണ്ടികയറ്റി ചതച്ചനിലയിലുള്ള നിലയിൽ അടുക്കിവയ്ക്കുകയും അതിന് അടിയിൽ 30 എണ്ണം വീതമുള്ള 50 ഹാൻസ് പായ്ക്കറ്റുകൾ വീതം 24 ചാക്കുകളിലായി കെട്ടിവച്ച നിലയിൽ കണ്ടെത്തിയത്. ചെറിയ തുകയ്ക്ക് വാങ്ങി വിലകൂട്ടി വിൽക്കുന്നതിനാൽ ഇവയ്ക്ക് 180000 രൂപയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു. പരിശോധന നടത്തുന്നതിനിടയിൽ വാൻ ഡ്രൈവറും കൂടെ ഉണ്ടായിരുന്ന ആളും ഓടി രക്ഷപെട്ടു.
വാഹനം പരിശോധിക്കുമ്പോൾ തന്നെ വെളുത്തുള്ളിയുടെ ഗന്ധം വരുന്നതിനാൽ ആരും സംശയിക്കാത്ത രീതിയിലാണ് ഹാൻസ് അടുക്കിവച്ചിരുന്നത്. സ്‌കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾക്കിടയിൽ ഹാൻസ് വില്പന നടത്തി അമിത ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്രയധികം ഹാൻസ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞത്. എ.എസ്.ഐ മാത്യു അഗസ്റ്റിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ ജമാൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ 2 മാസമായി നടത്തുന്ന ലഹരി മരുന്ന് വേട്ടയിൽ കഞ്ചാവ് വില്പന നടത്തുന്നതും കഞ്ചാവ് ഉപയോഗിക്കുന്നവരുമായ 8 പേരുടെ പേരിൽ വാഴക്കുളം പൊലീസ് നിയമനടപടി സ്വീകരിച്ചിരുന്നു.