കൊച്ചി : ഇരുപതാം നൂറ്റാണ്ടിൽ കൊച്ചിക്കാരുടെ ഏക ഷോപ്പിംഗ് കേന്ദ്രമായിരുന്നു ബ്രോഡ്‌വേ. മുക്കിന് മുക്കിന് ഷോപ്പിംഗ് മാളുകൾ വന്നിട്ടും ബ്രോഡ്‌വേയോട് നഗരവാസികൾക്കുള്ള ഇഷ്ടത്തിന് ഒരു കുറവുമില്ല. ഉപ്പുതൊട്ടു കർപ്പൂരം വരെ കിട്ടും. പേരിന് നേർവിപരീതമായ ഇടുങ്ങിയ വഴികളിലൂടെ കടന്നെത്തുന്ന ബ്രോഡ്‌വേയിലെ അതിവിശാലമായ ലോകം കുറെ നാളുകളായി ആശങ്കയിലും ഭീതിയിലുമാണ്.
തുണി, പുസ്തകം, സുഗന്ധ വ്യഞ്ജനങ്ങൾ, ജ്വല്ലറി എന്നു വേണ്ട എല്ലാ ഉത്പന്നങ്ങളും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ പറ്റുന്നയിടം. പോരാത്തതിന് റോഡരികിനോട് ചേർന്ന് നടക്കുന്ന കുഞ്ഞു കച്ചവടങ്ങൾ വേറെയും. മാസംഅഞ്ച് കോടിയുടെ കച്ചവടം നടക്കുന്നുവെന്നാണ് ബ്രോഡ്‌വേ ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്റെ 2016 ലെ കണക്ക്. ഇങ്ങനെയാണെങ്കിലും ഒരു തീപ്പൊരി മതി കൊച്ചിക്കാരുടെ നെഞ്ചിൽ തീയാളാൻ! അങ്ങനെയാണ് ബ്രോഡ്‌വേയുടെ കിടപ്പ്. എം.ജി റോഡിനും മറൈൻഡ്രൈവിനും ഇടയിൽരണ്ട് കിലോമീറ്റർ ചുറ്റളവിൽ തൊട്ടിയിരുമ്മി കിടക്കുന്ന കടകൾ. പലതിനും നൂറുവർഷത്തിലേറെ പഴക്കം. പല ഭാഗങ്ങളിൽ നിന്നായി പ്രവേശനം. ബ്രോഡ്‌വേ ശരിക്കറിയാത്ത ഒരാൾ ഉള്ളിൽ കയറിയാൽ പുറത്തിറങ്ങാൻ വിയർക്കും.
ഇടുങ്ങിയ വഴികളുടെ പകുതിയോളം സ്വന്തമാക്കി ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗാണ് പ്രധാന പ്രശ്‌നം. ബ്രോഡ്‌വേയുടെ മുഖം മിനുക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഏറെ കാലത്തെ ആവശ്യത്തിനൊടുവിൽ 2009 ൽ ഒരു പദ്ധതിയും നഗരസഭ ഒരുക്കിയിരുന്നു. ജൻറം പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രോഡ്‌വേ പ്രൊജക്ട് എന്ന പേരിൽ കേന്ദ്രസർക്കാരിന് മുന്നിൽ പദ്ധതി സമർപ്പിക്കപ്പെട്ടു. 22 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. ടെൻഡർ വിളിച്ചപ്പോൾ 22 കോടിക്ക് പകരം 36 കോടിയായി. അധികം വരുന്ന 14 കോടി ചെലവഴിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവില്ലെന്ന് വന്നതോടെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
പദ്ധതി 2013 ൽ വീണ്ടും കേന്ദ്രത്തിന് മുന്നിലെത്തി. ഇത്തവണ അധിക തുകയായി വന്നത് 25 കോടിയാണ്. ഈ തുക എം.എൽ.എ ഹൈബി ഈഡൻ ഇടപെട്ട് സംസ്ഥാന സർക്കാരിൽ നിന്ന് നേടിയെടുത്തെങ്കിലും കോർപ്പറേഷൻ ഉഴപ്പിയതോടെ വീണ്ടും നടക്കാതെ പോവുകയായിരുന്നു.
'നൂറുവർഷത്തിലേറെ പഴക്കമുണ്ട് മിക്ക കടകൾക്കും. അനധികൃത പാർക്കിംഗ് വേറെയും. പക്ഷേ, ഒറ്റയടിക്ക് ഒഴിഞ്ഞു പോവുകയെന്നത് പ്രായോഗികമല്ല. അധികൃതർ ആലോചിച്ച് ബ്രോഡ്‌വേയ്ക്ക് യോജിച്ച മാസ്റ്റർ പ്ളാൻ കൊണ്ടുവരണം'
രമേശ്
വ്യാപാരി
ബ്രോഡ്‌വേ
'കൊച്ചി സ്മാർട്ട് സിറ്റി മിഷനിൽ ബ്രോഡ്‌വേയുടെ നവീകരണം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതിൽ കടകൾ ഉൾപ്പെട്ടിട്ടില്ല. സ്വകാര്യവ്യക്തികളുടെ കടകളാണ്. പഴക്കമേറിയ വയറിംഗ് ആണ് അവിടെയുള്ളത്. വ്യാപാരികളുടെ എല്ലാ സംഘടനകളും ഒത്തുചേർന്ന് ആലോചിച്ച് വേണ്ട തീരുമാനം കൈക്കൊണ്ടാൽ അതിന് സർവ പിന്തുണയും നൽകാൻ ഞങ്ങൾ തയ്യാറാണ്. '
ഹൈബി ഈഡൻ
നിയുക്ത എം.പി, എറണാകുളം
'അടിയ്ക്കടി എറണാകുളം നഗരത്തിൽ ഉണ്ടാകുന്ന തീ പിടിത്തത്തെ അധികൃതർ ഗൗരവമായി കാണണം. ഈ കാര്യത്തിൽ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ചു ചേർത്ത് നഗര സുരക്ഷയ്ക്ക് വഴിയൊരുക്കണം. ബ്രോഡ്‌വെയിലെ അശാസ്ത്രീയമായ വാഹന പാർക്കിംഗും മറ്റും നിർത്തലാക്കി കച്ചവടക്കാർക്ക് സൗകര്യങ്ങൾ ഒരുക്കി കൊടുക്കണം. ഹെറിറ്റേജ് സംരക്ഷണ പദ്ധതിയിൽപ്പെടുത്തി ഹൈക്കോർട്ട് ജംഗ്ഷൻ മുതൽ കോൺവെന്റ് ഭാഗം വരെ ഒരു പ്രത്യേക കോറിഡോർ ഒരുക്കണം. വിട്ടുവീഴ്ച്ച ഇല്ലാത്ത കൃത്യമായ സംവിധാനം ഒരുക്കി കേരളത്തിന് ഏറ്റവും വരുമാനം നൽകുന്നഈ മേഖലയെ സംരക്ഷിക്കണം'
സി.ജി. രാജഗോപാൽ
ബി.ജെ.പി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ്