ന്യൂഡൽഹി: വാട്ട്സ് ആപ്പിലും പരസ്യം വരുന്നു. 2020 മുതൽ വാട്ട്സ് ആപ്പിൽ സ്റ്റോറീസ് ആഡുകൾ വരുമെന്ന് കമ്പനി ഉടമകളായ ഫേസ് ബുക്കാണ് അറിയിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്കിടയിലെ പരസ്യങ്ങൾക്ക് സമാനമായ രീതിയിലാകും വാട്ട്സ് ആപ്പ് പരസ്യങ്ങളും.
സ്ക്രീനിൽ പരസ്യത്തിന്റെ ലിങ്ക് മാത്രമാകും ഉണ്ടാവുക.
വാട്ട്സ് ആപ്പ് സ്റ്റാറ്റസ് സ്റ്റോറികൾ വഴി ടെക്റ്റും ചിത്രങ്ങളും വീഡിയോകളും അനിമേറ്റഡ് ജിഫുകളും ഷെയർ ചെയ്യാം. ഒരു ദിവസമാണ് ഇതിന് ആയുസ്.
ഒറ്റ മെസേജിൽ തന്നെ ചിത്രവും അക്ഷരങ്ങളും പി.ഡി.എഫും ഉൾപ്പെടുത്താവുന്ന റിച്ച് മെസേജിംഗ് ഫോർമാറ്റും പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി വാട്ട്സ് ആപ്പിൽ വരുന്നുണ്ട്. ചാറ്റുകൾക്കിടെ നേരിട്ട് ബിസിനസ് കാറ്റലോഗുകൾ ചേർക്കാവുന്ന സംവിധാനവും ഉടനെ ഉണ്ടാകും. വെബ് സൈറ്റുകൾ ഇല്ലാത്തവർക്ക് ഏറെ സൗകര്യപ്രദമാകും ഇത്.