ഇവരാണ് രക്ഷകർ

കൊച്ചി: കൃത്യസമയത്ത് എത്തിച്ചേർന്ന ഫയർഫോഴ്സും വാഹനങ്ങളെയും ജനത്തെയും നിയന്ത്രിച്ച പൊലീസും തീ കണ്ടതു മുതൽ അണയ്ക്കുന്നതു വരെ രക്ഷാപ്രവർത്തനത്തിന്റെ നട്ടെല്ലായി മാറിയ ചുമട്ടുതൊഴിലാളികളുമാണ് നഗരത്തെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ചത്.മഹാപ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ രക്ഷകരായതു പോലെയായിരുന്നു ഇന്നലെ ബ്രോഡ്‌വേയിൽ ചുമട്ടുതൊഴിലാളികൾപ്രവർത്തിച്ചത് . തീ പിടിത്തം ആണെന്നറിഞ്ഞ് ആദ്യം ഓടിയെത്തിയത് അവരാണ്. ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് വഴിയൊരുക്കിയത് മുതൽ വെള്ളം നിറച്ച പമ്പുകൾ ഒത്തുചേർന്ന് എത്തിക്കാനും തടിച്ചു കൂടിയ ആളുകളെ നിയന്ത്രിക്കാനും തൊഴിലാളികൾ മുന്നിട്ടിറങ്ങി. സംഭവ സ്ഥലത്ത് നിന്ന് അവസാന യൂണിറ്റ് ഫയർഫോഴ്സ് വാഹനവും പോയതിന് ശേഷമാണ് തൊഴിലാളികൾ പിരിഞ്ഞത്.

ഇടുങ്ങിയ വഴിയിലൂടെ ബ്രോഡ്‌വേയ്ക്കുള്ളിലേക്ക് ഫയർഫോഴ്സ് വാഹനങ്ങളെത്തിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ബ്രോഡ്‌വേയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റു വാഹനങ്ങളുടെ പ്രവേശനം ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് നിയന്ത്രിച്ചു. പലയിടങ്ങളിലായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിൽ എടുത്തുമാറ്റിയതോടെ ഫയർഫോഴ്സ് വാഹനങ്ങളുടെ പ്രവേശനം എളുപ്പമായി.

ഗാന്ധിനഗർ,​ ക്ളബ് റോഡ്, ഏലൂർ,​ തൃക്കാക്കര, പട്ടിമറ്റം, മട്ടാഞ്ചേരി, ആലുവ, അങ്കമാലി, തൃപ്പൂണിത്തുറ, പിറവം, നോർത്ത് പറവൂർ, കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ, വൈപ്പിൻ തുടങ്ങിയിടങ്ങളിൽ നിന്നായി 22 ഫയർ യൂണിറ്റുകൾ, കൊച്ചി റിഫൈനറി, പോർട്ട് ട്രസ്റ്റ്, ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് വെണ്ടുരുത്തി, ഷിപ്പ് യാർഡ്, പെട്രോനൈറ്റ് എൽ.എൻ.ജി യൂണിറ്റുകൾഎന്നിവയും തീ അണക്കാൻ എത്തി. വെള്ളം തീർന്നുപോയാൽ നിറയ്ക്കാനുള്ള സംവിധാനം ഇല്ലാതിരുന്നതിനാൽ ചെയിൻ സംവിധാനത്തിനായാണ് ഇത്രയും ഫയർ യൂണിറ്റുകൾ എത്തിച്ചത്. സമീപത്തെ ആറുനിലയുള്ള തുണിക്കടയിലേക്ക് തീപിടിക്കാതിരിക്കാൻ ഫയർഫോഴ്സിന്റെ ഇടപെടൽ സഹായിച്ചു.

ഗതാഗതക്കുരുക്ക്

തീപിടിത്തം നഗരത്തിന്റെ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് ഉണ്ടാക്കി.കോൺവെന്റ് ജംഗ്ഷൻ, മേനക, സെന്റ് തെരേസാസ്, സുഭാഷ് പാർക്ക്, ജനറൽ ആശുപത്രി തുടങ്ങിയസ്ഥലങ്ങളിലെല്ലാം ഗതാഗതം തടസപ്പെട്ടു. അപകടവിവരമറിഞ്ഞ് എത്തിയവരെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. എം.ജി റോഡിലൂടെ വാഹനം തിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.