കൊച്ചി : അംഗീകാരമില്ലാത്ത സ്കൂളുകളിലെ രണ്ടുമുതൽ എട്ടുവരെ ക്ളാസുകളിൽ നിന്ന് കുട്ടികളെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ചേർക്കാൻ തടസമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതിന് പ്രായം തെളിയിക്കുന്ന രേഖകൾ മാത്രം മതിയാകും. ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയിട്ടുണ്ടെന്നും, അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ഒമ്പത്, പത്ത് ക്ളാസുകളിലേക്കുള്ള പ്രവേശനത്തിന് സ്ക്രീനിംഗ് ടെസ്റ്റ് നടത്താൻ നിർദേശിച്ചിട്ടുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു.
അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ അപ്പീലിൽ എറണാകുളത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. കുസുമം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം. അംഗീകാരമില്ലാത്ത സ്‌കൂളുകളുടെയും, സി.ബി.എസ്.ഇ - ഐ.സി.എസ്.ഇ സ്‌കൂളുകളുടെയും എൻ.ഒ.സി അപേക്ഷകൾ മാർച്ച് 31-നകം പരിഗണിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതും അപ്പീലിൽ ചോദ്യം ചെയ്യുന്നുണ്ട്.
വിവിധ ജില്ലാ വിദ്യാഭ്യാസ ഒാഫീസുകളിലായി 796 അപേക്ഷകളാണ് ലഭിച്ചത്. മാർഗനിർദേശങ്ങൾ പാലിക്കാത്ത 534 അപേക്ഷകൾ തള്ളി. ബാക്കി 262 അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിഗണനയ്‌ക്കു വിട്ടു. ഇതിൽ 51 അപേക്ഷകളിൽ കൂടുതൽ വിശദീകരണം തേടിയിട്ടുണ്ട്. 25 അപേക്ഷകളിൽ സൂക്ഷ്‌മ പരിശോധന പൂർത്തിയാക്കി, അനുകൂല ശുപാർശയുമായി സർക്കാരിവ് അയച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അപേക്ഷകൾ തീർപ്പാക്കാൻ ജൂൺ 15 വരെ സമയം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ജൂൺ 13 ന് വീണ്ടും പരിഗണിക്കും.