പള്ളുരുത്തി: ഇടക്കൊച്ചിയിലെ തകർന്ന റോഡുകൾ നന്നാക്കാത്ത അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് ജൂൺ 1 മുതൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കുന്നു. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചിട്ട് ഒരുവർഷത്തോളമായി. ഇതിനിടയിൽ റോഡിലെ കുഴിയിൽ വീണ് 3 ജീവൻ പൊലിഞ്ഞിട്ടും നിരവധി പേർക്ക് അപകടങ്ങൾ സംഭവിച്ചിട്ടും അധികാരികൾ കണ്ണ് തുറക്കുന്നില്ല. പൈപ്പിടുന്നതിന് മുൻപായി വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് ലക്ഷങ്ങൾ കെട്ടിവെച്ചിട്ടും റോഡ് നന്നാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് റോഡിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. മഴ ഇല്ലാത്ത സമയത്ത് റോഡിൽ പൊടിപൂരമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതിനെ തുടർന്ന് വാഹനത്തിന്റെ പാർട്സുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും ഇതിനായി ഭീമമായ തുക ചെലവഴിക്കേണ്ടി വരുന്നതായും കൊച്ചി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികൾ പറഞ്ഞു.