കൊച്ചി: തിങ്കളാഴ്ച പതിവ് പോലെ രാവിലെ പത്തുമണിയോടെ കെ.സി പാപ്പു ആൻഡ് സൺസ് എന്ന കടയിലെത്തിയതാണ് ഉടമ കെ.സി ജോണി. തിരിതെളിച്ച് പ്രാർത്ഥിച്ച് മെയിൻ സ്വിച്ച് ഓൺ ആക്കി മറ്റു പണികളിലേക്ക് തിരിഞ്ഞപ്പോഴാണ് മുകളിലെ ഗോഡൗണിൽ തീപടരുന്നുവെന്ന് ആരൊക്കെയോ വിളിച്ചു പറഞ്ഞത്. തൊട്ടടുത്ത കടക്കാരും ചുമട്ടുതൊഴിലാളികളും ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. പിന്നീട് നഗരത്തെ വിറപ്പിച്ച വലിയ തീപിടിത്തങ്ങളിലൊന്നിന് ജോണിയും സാക്ഷിയായി.
125 വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് കെ.സി പാപ്പു ആൻഡ് സൺസ് പ്രവർത്തിക്കുന്നത്. പിതാവ് പാപ്പു വാങ്ങിയ കെട്ടിടത്തിൽ 50 വർഷം മുമ്പാണ് തയ്യൽ ഉത്പന്നങ്ങൾ വിൽക്കുന്ന കട അദ്ദേഹം ആരംഭിക്കുന്നത്. തുടർന്ന് മൂന്നുമക്കൾ ഏറ്റെടുത്തു. അതിൽ സഹോദരങ്ങളായ കെ.സി ഫ്രാൻസിസും കെ.സി ജോണിയുമാണ് നിലവിൽഉടമകൾ. കടയുടെ ഒന്നാമത്തെ നിലയിലുള്ള ഗോഡൗൺ ആണ് പൂർണ്ണമായും അഗ്നി വിഴുങ്ങിയത്. ഇവിടെ ഏതാണ്ട് നാലു കടമുറികളോളമുണ്ടായിരുന്നു.
വലതുവശത്തുള്ള കലൂർ മെറ്റൽസിന്റെ ഉടമ മുഹമ്മദ് സഗീർ കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സിന്റെ ജനറൽ സെക്രട്ടറി കൂടിയാണ്. ബ്രോഡ്‌വേയിലെ ഏത് കടയുടെയും എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന സഗീറിന്റെ കട അഗ്നിക്കിരയായെന്ന് വിശ്വസിക്കാനാവുന്നില്ല മറ്റു വ്യാപാരികൾക്ക്. നാശനഷ്ടങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴും മറ്റുള്ളവർക്ക് സംഭവിച്ച നഷ്ടങ്ങളെക്കുറിച്ചും ഫയർഫോഴ്സിന് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ബ്രോഡ്‌വേയുടെ ശോചനീയാവസ്ഥയുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞത്.
പെരുന്നാൾ കച്ചവടത്തിനായി സ്റ്റോക്ക് എടുത്തു വച്ചിരിക്കുകയായിരുന്നു ഭദ്ര ടെക്സ്റ്റൈൽസിന്റെ ഉടമ ജയാനന്ദൻ. ഒന്നാംനിലയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ അപ്പാടെ കത്തിനശിച്ചു. ബാങ്കിൽ നിന്ന് ലോൺ എടുത്താണ് കട മെച്ചപ്പെടുത്തിയത്. ഇനിയെല്ലാം വീണ്ടും ഉണ്ടാക്കുന്നതെങ്ങനെയെന്ന ആശങ്കയിലാണ് അദ്ദേഹം.
പഴക്കം ചെന്ന കെട്ടിടങ്ങളിലെ വയറിംഗുകളെല്ലാം മോശം അവസ്ഥയിലാണെന്ന് മറ്റു വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. പകൽ സമയമായതിനാലാണ് തീ ശ്രദ്ധയിൽപ്പെട്ടതെന്നും രാത്രിയായിരുന്നെങ്കിൽ വൻദുരന്തം സംഭവിക്കുമായിരുന്നുവെന്നും ഇവർ പറയുന്നു.