കൊച്ചി: ഹൃദ്രോഗചികിത്സയ്ക്കായി അത്യാധുനിക സൗകര്യങ്ങളുള്ള ചിപ് സെന്റർ (കോംപ്ലക്‌സ് ഹൈറിസ്‌ക് ഇൻഡിക്കേറ്റഡ് പ്രൊസിഡ്യേഴ്‌സ്) ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവർത്തനം തുടങ്ങി. അതീവ സങ്കീർണ്ണമായ ഹൃദ്രോഗ ചികിത്സകൾക്ക് ഉപയോഗിക്കാവുന്ന സംവിധാനമാണിതെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ കാർഡിയോളജി വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ. ആർ. അനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ ഒരു വർഷം 1.75 ലക്ഷം പേർക്കാണ് ഹൃദയാഘാതമുണ്ടാകുന്നത്. ഇതിൽ 38000 പേർ മരിക്കുന്നു. ദിവസം ശരാശരി 500 പേർക്ക് ഹൃദയാഘാതമുണ്ടാകുന്നുണ്ട്. ഇതിൽ 300 പേർക്ക് അടിയന്തര ചികിത്സ വേണ്ടിവരുന്നു. ഹൃദയാഘാതം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചതാണ് ചിപ് സെന്റർ തുടങ്ങാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തന്നെ ചിപ് വിദഗ്ദ്ധരിൽ ഒരാളായ ഡോ. രാജശേഖർ വർമയാണ് ചിപ് സെന്ററിന് നേതൃത്വം നല്കുന്നത്. ഹൈറിസ്‌ക് പ്രക്രിയകൾക്ക് വളരെ കാര്യക്ഷമതയും വൈദഗ്ദ്ധ്യവുമുള്ള ഇന്റർവെൻഷണലിസ്റ്റുകളും അവരെ സഹായിക്കാൻ മറ്റ് വിഭാഗങ്ങളിലെ മെഡിക്കൽ സംഘവും അനിവാര്യമാണെന്ന് സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. രാജശേഖർ വർമ പറഞ്ഞു. ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ. ജെൽസൺ എ.കവലക്കാട്ടും പത്രസമ്മേളനത്തിൽ പങ്കെടുത്തു.