pwd

അങ്കമാലി:കറുകുറ്റി പഞ്ചായത്തിലെ എടക്കുന്ന് -പാലിശേരി റോഡിൽ ടാറിങ്ങ് പൂർത്തിയായി 24 മണിക്കൂറിനുള്ളിൽ കുടിവെള്ള പൈപ്പിന് കണക്ഷൻ നൽകുന്നതിനായി റോഡ് കുത്തിപ്പൊളിച്ചതായി നാട്ടുകാരുടെ പരാതി.എടക്കുന്ന് ഒ.എൽ.പി.എച്ച് സ്‌കൂളിന് എതിർവശത്താണ് സംഭവം.കുടിവെള്ള കണക്ഷൻ ലഭിക്കുന്നതിനായി വീട്ടുടമസ്ഥൻ മാസങ്ങൾക്കുമുമ്പേ പണമടച്ച് അപേക്ഷ നൽകിയിരുന്നു.ഒരാഴ്ചമുൻപാണ് റോഡ് കുറുകെ പൊളിച്ച് പൈപ്പ് സ്ഥാപിക്കാൻ അനുമതി നൽകിയത്.

റോഡ് ടാറിങ് നടക്കുകയാണെന്ന് സൂചനയും നൽകിയിരുന്നു.എന്നാൽ കരാറുകാരൻ റോഡ് പൊളിച്ച് പൈപ്പ് സ്ഥാപിക്കാൻ എത്തിയത് ടാറിങ്ങ് പൂർത്തിയായി പിറ്റേദിവസമാണ്.രാവിലെതന്നെ റോഡ് പൊളിക്കാൻ പണിക്കാൻ ആയുധങ്ങളുമായി എത്തിയപ്പോൾ പുതിയ റോഡ് വെട്ടിപ്പൊളിക്കുവാൻ സമ്മതിക്കില്ലെന്ന് അറിയിച്ച് നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.എന്നാൽ പി ഡബ്ല്യൂ ഡി വകുപ്പിൽ പണമടച്ച് അനുമതി വാങ്ങിയിട്ടുണ്ടെന്നും ആരൊക്കെ എതിർത്താലും റോഡ് പൊളിച്ച് പൈപ്പ് സ്ഥാപിക്കുമെന്ന് കരാറുകാരൻ പറഞ്ഞത് തർക്കത്തിന് ഇടയാക്കി.തർക്കം നീണ്ടെങ്കിലും വീട്ടുകാരൻ കുടിവെള്ളത്തിന്റെ ആവശ്യം പറഞ്ഞപ്പോൾ നാട്ടുകാർ അയയുകകയായിരുന്നു.എന്നാൽ കരാറുകാരനെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഏഴുവർഷത്തിന് ശേഷമാണ് ഈ റോഡ് മുഴുവനായും ടാറിങ് ചെയ്തത്. പിറ്റേദിവസം തന്നെ കുത്തിപ്പൊളിക്കുകയും ചെയ്തു. തൊട്ട് മുൻപിൽ ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂൾ ആയതിനാൽ മുൻകരുതലിനുള്ള സൂചന ബോർഡുകൾ പോലും ഇവിടെ അടയാളപ്പെടുത്തിയിട്ടില്ല. അപ്പോഴേക്കും റോഡ് കുത്തിപ്പൊളിച്ചതും ടാറിങ്ങ് പണികൾ നടക്കുകയാണ് എന്ന് അറിഞ്ഞിട്ടും പൈപ്പ് സ്ഥാപിക്കാൻ വൈകിയതും കരാറുകാരൻറെ അനാസ്ഥയാണെന്നും റോഡ് പൂർവ സ്ഥിതിയിലാക്കാൻ വേണ്ടിവരുന്ന ചിലവ് കരാറുകാരനിൽനിന്നും ഈടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.