കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ട ലോകകിരീടം ഇക്കുറി നേഞ്ചോട് ചേർക്കണം. ഇപ്പോഴതിന് കഴിഞ്ഞില്ലെങ്കിൽ സ്വപ്ന നേട്ടത്തിന് വീണ്ടും കാത്തിരിക്കണം. ഇതറിയാവുന്ന ക്യാപ്ടൻ കെയിൻ വില്യംസണും സംഘവും ഒന്നുറപ്പിച്ചിട്ടുണ്ട്. തോറ്റ് പിന്മാറരുത്, വിജയകിരീടവുമായേ നാട്ടിലേക്ക് മടങ്ങാവൂ.. സന്നാഹ മത്സരത്തിൽ ഇന്ത്യയെ കീഴ്പ്പെടുത്തിയാണ് കിവികൾ തങ്ങളുടെ വരവ് അറിയിച്ചത്. ഫേവറിറ്റുകളുടെ പട്ടികയിൽ ഇല്ലെങ്കിലും മികച്ച നിര തന്നെ ന്യൂസിലാൻഡിലുണ്ട്.
ഏകദിന റാങ്കിംഗിൽ മൂന്നാം സ്ഥാനക്കാരാണ് കിവികൾ. ഏറ്റവും മികച്ച ഓൾ റൗണ്ടർമാർ ഉൾപ്പെടുന്നു എന്നത് ന്യൂസിലാൻഡിനെ മികച്ച ടീമാക്കുന്നു. ടെസ്റ്റ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് ന്യൂസിലാൻഡ്. 1975 മുതൽ ലോകകപ്പ് മാമാങ്കത്തിനായി ന്യൂസിലാൻഡ് എത്താറുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പാണ് ഏറ്റവും മികച്ച നേട്ടം. 2015ലെ ഫൈനലിൽ ആസ്‌ട്രേലിയയോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടാണ് ആദ്യ ലോകകപ്പ് കിരീടമെന്ന മോഹം പൊലിഞ്ഞത്.
കരുത്ത്
യുവത്വമാണ് ഇക്കുറി കിവീസിന്റെ കരുത്ത്. അനുഭവ സമ്പത്ത് ഏറെയുള്ള ക്യാപ്ടൻ വില്യംസൺ അടങ്ങുന്ന സീനിയർ താരങ്ങൾ വേറെയും. ഗുപ്ടിലും മൺറോയുമടങ്ങുന്ന ഓപ്പണിംഗ് നിര ശ്രദ്ധേയം. ഇരുവരും ക്രീസിൽ നങ്കൂരമിട്ടാൽ എതിരാളികൾ വിയർക്കുമെന്നതിൽ സംശയമില്ല. മൂന്നാം നമ്പറിൽ വില്യംസണും നാലാമനായി ടെയ്‌ലറും ആപത്ത് സമയത്ത് ടീമിനെ സഹായിക്കാൻ കഴിവുള്ളവരാണ്. ഒരു വർഷമായി കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ടെയ്‌ലർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മികവുതെളിയിച്ച നാല് ഓൾറൗണ്ടർമാരുടെ സാന്നിദ്ധ്യവുമുണ്ട് ടീമിൽ. ഏത് പൊസിഷനിലും കളിക്കാൻ കഴിയുന്ന ഇത്തരം താരങ്ങളാണ് ന്യൂസിലാൻഡിനെ വ്യത്യസ്തമാക്കുന്നത്. ടിം സൗത്തി, ട്രെന്റ് ബോൾട്ട് കൂട്ടുകെട്ടാണ് ബൗളിംഗ് നിരയുടെ കരുത്ത്. ഇരുവരുടെയും പരിചയസമ്പത്ത് ലോകകപ്പിൽ ടീമിന് കാര്യങ്ങൾ എളുപ്പമാക്കുമെന്ന് കണക്കുകൂട്ടുന്നു. 33 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടാണ് സന്നാഹ മത്സരത്തിൽ ഇന്ത്യയെ തകർത്തത്. ലോക്കി ഫെർഗൂസണും മാറ്റ് ഹെന്റിയും മികച്ച പിന്തുണ നൽകുന്നു. ഇഷ് സോധിയും മിച്ചൽ സാന്റ്‌നറുമാണ് ടീമിലെ സ്പിൻ ബൗളർമാർ.
പോരായ്മ
കഴിഞ്ഞതവണ ലോകകപ്പിൽ കിരീടം നേടാൻ സാദ്ധ്യത കൽപ്പിക്കപ്പെട്ടവരിൽ മുൻ നിരയിലായിരുന്നു കിവീസിന്റെ സ്ഥാനം. നാലു വർഷം കഴിഞ്ഞ് ലോകകപ്പ് ഇംഗ്ലണ്ടിലും വെയ്ൽസിലുമെത്തുമ്പോൾ ന്യൂസിലാൻഡിനെ മികച്ച ടീമായി ആരും പരിഗണിക്കുന്നില്ല. എന്നാൽ, നിസാരമായി തള്ളിക്കളയാനും തയാറാകുന്നില്ല. ഇന്ത്യയ്ക്കെതിരെ 67 റൺസ് അടിച്ചെടുത്തെങ്കിലും ക്യാപ്ടന്റെ ഫോമില്ലായ്മ ടീമിനെ കുഴക്കുന്നുണ്ട്. മുൻനിര വിക്കറ്റുകൾ വീണാൽ മുന്നോട്ട് പോക്ക് മന്ദഗതിയിലാകും. ആൾ റൗണ്ടർ കോളിൻ ഡി ഗ്രാൻഡ് ഹോമിന്റെ സ്ഥിരതയില്ലാത്ത ബാറ്റിംഗാണ് വലിയ തലവേദന. കഴിഞ്ഞ 14 മാസമായി ഗ്രാൻഡ് ഹോമിന് മികച്ച ഇന്നിംഗ്‌സുകൾ കാഴ്ചവയ്ക്കാനായിട്ടില്ല. വാലറ്റത്ത് കൂറ്റനടിക്കാർ ആരുമില്ല. ലെഗ് സ്പിന്നർമാരെ നേരിടുന്നതിൽ കിവീസ് പിന്നോട്ടാണ്.
ടീം: കെയ്ൻ വില്യംസൺ (ക്യാപ്ടൻ), ടോം ബ്ലണ്ടൽ, കോളിൻ ഡി ഗ്രാന്തോം, ലോക്കി ഫെർഗൂസൺ, മാർട്ടിൻ ഗപ്ടിൽ, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോൾട്ട്, മാറ്റ് ഹെന്റി, റോസ് ടെയ്‌ലർ, ടോം ലാഥം, ഹെന്റി നിക്കോൾസ്, ജിമ്മി നീഷാം, കോളിൻ മൺറോ, മിച്ചൽ സാന്റ്‌നർ.