jagathy

കൊച്ചി : ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാർ അഭിനയിച്ച പരസ്യചിത്രം തിരശീലയിലെത്തി. ജഗതിയുടെ തിരിച്ചുവരവ് കൊഴുപ്പിക്കാൻ മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒത്തുചേർന്നു.

ആതിരപ്പള്ളിയിലെ സിൽവർ സ്റ്റോം വാർട്ടർ തീം പാർക്കിന്റെ പരസ്യ ചിത്രത്തിലാണ് ജഗതി അഭിനയിച്ചത്. മകൻ രാജ്കുമാർ ശ്രീകുമാറാണ് ചിത്രം ഒരുക്കിയത്.

വാഹനാപകടത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലാണ് ജഗതി. അദ്ദേഹത്തെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചാൽ തിരിച്ചുവരവിന് വേഗത കൂട്ടുമെന്ന് വെല്ലൂർ ആശുപത്രിയിലെ ഡോക്ടർമാർ മക്കളായ രാജ്കുമാറിനോടും പാർവതി ഷോണിനോടും പറഞ്ഞിരുന്നു. ആരോഗ്യസ്ഥിതിയുടെ പരിമിതികൾ പരിഗണിച്ച് അഭിനയിക്കാവുന്ന പരസ്യചിത്രമാണ് ഒരുക്കിയത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ ജഗതി ശ്രീകുമാറിനെ വീൽച്ചെയറിൽ വേദിയിലെത്തിച്ചു. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇരുവരും ചേർന്ന് പരസ്യചിത്രം പ്രകാശനം ചെയ്തു. ജഗതി ശ്രീകുമാർ എന്റർടെയിൻമെന്റ് ഫേസ് ബുക്ക് പേജിന്റെ ഉദ്ഘാടനവും താരങ്ങൾ നിർവഹിച്ചു.

മനോജ് കെ. ജയൻ, വിനീത്, പ്രേംകുമാർ, സായികുമാർ, ബിന്ദു പണിക്കർ, കെ.പി.എ.സി ലളിത, മഞ്ജു പിള്ള, പൊന്നമ്മ ബാബു, രമേശ് പിഷാരടി, മാമുക്കോയ, എസ്.എൻ. സ്വാമി, എം. രഞ്ജിത്, ദേവൻ, അബു സലിം, സുരേഷ് കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

കാമറയ്ക്ക് മുന്നിലേയ്ക്ക് ജഗതിയുടെ തിരിച്ചുവരവ് മലയാള സിനിമാ ചരിത്രത്തിലെ സന്തോഷത്തിന്റെയും നന്മയുടെയും സുവർണ നിമിഷങ്ങളാണെന്ന് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞു.

സിൽവർ സ്‌റ്റോം പാർക്കിന്റെ ചെയർമാൻ പി.കെ. അബ്ദുൾ ജലീൽ, മാനേജിംഗ് ഡയറക്ടർ എ.ഐ. ഷാലിമാർ, ചലച്ചിത്ര താരങ്ങൾ, ജഗതിയുടെ കുടുംബാംഗങ്ങൾ, സിൽവർ സ്‌റ്റോമിന്റെ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.