ഒഴിപ്പിക്കാൻ നടപടികൾ തുടങ്ങി
സർവേ നടത്തി ജണ്ടയിടും
കൊച്ചി : ചിലവന്നൂർ കായൽതീരത്ത് എഴുപത് ഭാഗങ്ങളിൽ കൈയേറിയവർ രണ്ടേക്കർ സ്ഥലം കൈവശം വച്ചിരിക്കുന്നതായി കൊച്ചി നഗരസഭ കണ്ടെത്തി. കൈയേറിയ സ്ഥലങ്ങൾ തിരിച്ചുപിടിക്കണമെന്ന 2018 ലെ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് നഗരസഭ നടപടി തുടങ്ങി. മേയർ സൗമിനി ജെയിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച സംഘം എഴുപത് പ്ലോട്ടുകളിലെ കൈയേറ്റം രേഖപ്പെടുത്തി. ഇവിടങ്ങളിൽ ചെറിയവീടുകളും സ്വകാര്യ ബോട്ടുജെട്ടികളും മതിലുകളും നിർമ്മിച്ചിട്ടുണ്ട്. സ്വന്തമായ നാലു സെന്റിനോട് ചേർന്ന് 15 സെന്റ് കൂടി കൈയേറി ഉദ്യാനമാക്കിയ വിരുതനെയും പിടികൂടി. ഭൂമി സർവേ നടത്തി ജണ്ട സ്ഥാപിക്കും. ഇതിനുശേഷം നിർമ്മാണങ്ങൾ പൊളിച്ചുനീക്കും.
# കൈയേറ്റം അനുവദിക്കില്ല: മേയർ
കായൽ കൈയേറ്റം അനുവദിക്കില്ല.സഹോദരൻ അയ്യപ്പൻ റോഡുമുതൽ തൈക്കൂടം ബണ്ടുവരെ ചിലവന്നൂർ കായൽ തീരങ്ങളിൽ വ്യാപകമായ കൈയേറ്റമുണ്ട്. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടു നീങ്ങുന്നത്.
സൗമിനി ജെയിൻ, മേയർ
# കൈയേറിയത് രണ്ട് ഏക്കർ
സഹോദരൻ അയ്യപ്പൻ റോഡ് മുതൽ തൈക്കൂടം ബണ്ട് റോഡുവരെ കൈയേറ്റങ്ങളാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിക്കുക. കായലിന്റെ രണ്ട് കരകളിലുമായി 4.5 കിലോമീറ്റർ ഭാഗത്ത് നേരത്തെ സർവേ നടപടികൾ പൂർത്തിയാക്കി. ആദ്യഘട്ടമായി ജണ്ട കെട്ടിത്തിരിക്കുന്ന നടപടി തുടങ്ങി. എളംകുളം മെട്രോ സ്റ്റേഷന്റെ ഒരു ഭാഗം കൈയേറ്റ ഭൂമിയിലാണോയെന്ന് കണ്ടെത്താൻ സർവേ നടത്താനും കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്
# മെട്രോയെ പഴിചാരി
മെട്രോ നിർമ്മാണത്തിന്റെ മറവിൽ എളംകുളത്ത് കായൽ നികത്തുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. മാലിന്യങ്ങൾനിക്ഷേപിച്ച് കായൽ നികത്തുന്നെന്ന ആരോപണം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) നിഷേധിച്ചിരുന്നു. ഡി.എം.ആർ.സി ഉപകരാറുകാരായ മക്‌നല്ലി ഭാരത് എൻജിനീയറിംഗ് ഈ സ്ഥലം പാട്ടത്തിനെടുത്തിരുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ സ്ഥലം നഗരസഭയ്ക്ക് മടക്കി നൽകി. ഇത് വ്യക്തമാക്കി 2018 ജനുവരി നാലിന് അവർ ഡി.എം.ആർ.സിക്കും കത്ത് നൽകിയിട്ടുണ്ട്.