ക്രിക്കറ്റിന്റെ ജന്മനാട്ടിൽ കന്നി കിരീടം ഉയർത്തണം. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തലയേടുപ്പോടെ നിൽക്കണം. ലക്ഷ്യത്തിലേക്ക് പറന്നെത്താനാവാതെ വീണുപോയ ബ്രിട്ടീഷ് പോരാളികൾക്ക് ഇക്കുറി കിരീടം ഉയർത്തുകയല്ലാതെ മറ്റ് ലക്ഷ്യങ്ങൾ ഒന്നുമില്ല. സന്നാഹ മത്സരത്തിൽ അഫ്ഗാനെ കീഴടക്കിയ ഇംഗ്ലണ്ട് തങ്ങളുടെ പ്രഹരശേഷി പ്രകടനം പുറത്തെടുത്തു. ഫേവ്‌റിറ്റുകളില്ലെങ്കിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് ഇംഗ്ലണ്ട്. പല കാരണങ്ങളാലാണ് ലോകകപ്പിൽ ഇംഗ്ലണ്ടിന് സാദ്ധ്യത കൽപ്പിക്കുന്നത്.
1975 മുതൽ ലോകകപ്പ് ക്രിക്കറ്റിന്റെ കിരീടവും തേടി അലച്ചിൽ തുടങ്ങിയതാണ് ഇംഗ്ലണ്ട്. 1979, 1987, 1992 വർഷങ്ങളിൽ ഫൈനലിൽ പരാജയപ്പെട്ട് കിരീടം നഷ്ടപ്പെട്ടു. പങ്കെടുത്ത രണ്ടാമത്തെ ലോകകപ്പിൽ തന്നെ ഇംഗ്ലണ്ട് ഫൈനലിലെത്തി. അന്ന് 92 റൺസിന് വെസ്റ്റിൻഡീസിന് മുന്നിൽ അടിപതറി. 1987ൽ ആസ്‌ട്രേലിയയായിരുന്നു വില്ലൻ. 1992ലെ ലോകകപ്പിൽ പൊരുതിക്കളിച്ച് ഫൈനലിൽ പ്രവേശിച്ചെങ്കിലും ഭാഗ്യം കനിഞ്ഞില്ല. മൂന്നാം തവണ ഇമ്രാൻ ഖാനും സംഘത്തിനും മുന്നിൽ തലകുനിച്ച് മടങ്ങി. എല്ലാകാലത്തും ഇംഗ്ലണ്ടിന് മികച്ച ടീമുണ്ടായിരുന്നെങ്കിലും ലോക കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. കൈയെത്തും ദൂരത്ത് കൈവിട്ട കിരീടം സ്വന്തം മണ്ണിൽ നേടാനുറച്ചാണ് മോർഗനും സംഘവും ഇത്തവണ ഇറങ്ങുന്നത്.
മികവ്
ബാറ്റിംഗിൽ സൂപ്പർ പവറാണ്. ഓപ്പണിംഗ് കൂട്ടുകെട്ട് മാത്രമല്ല, വാലറ്റം വരെ തീപ്പൊരി താരങ്ങളുണ്ട്. ജോണി ബെയർസ്‌റ്റോ, ജെയ്‌സൺ റോയ്, ജോ റൂട്ട്, ജോസ് ബട്‌ലർ, ഇയാൻ മോർഗൻ.. അഗ്രസീവായ ബാറ്റിംഗ് നിര. ബെയർസ്‌റ്റോയും ബട്‌ലറും ഐ.പി.എല്ലിലെ തകർപ്പൻ പ്രകടനങ്ങളുടെ ആവേശത്തിലാണ് ലോകകപ്പിനിറങ്ങുന്നത്. തരക്കേടില്ലാത്ത ബൗളിംഗ് നിരയും ഇംഗ്ലണ്ടിനുണ്ട്.
പോരായ്മ
ബാറ്റുകൊണ്ട് വെടിക്കെട്ട് തീർക്കുന്ന സൂപ്പർ താരങ്ങളെപോലെ ആരെയും പേടിപ്പിക്കുന്ന താരനിര ഇല്ലെന്നതാണ് ഇംഗ്ലണ്ടിന്റെ ബൗളിംഗ് ഡിപ്പാർട്ട്മെന്റിനെ ദുർബലപ്പെടുത്തുന്നത്. ബെൻ സ്‌റ്റോക്ക്‌സും ലിയാൻ പ്ലങ്കറ്റും മാർക്ക് വുഡും ഡേവിഡ് വില്ലിയുമാണ് പേസ് നിരയിലുള്ളത്. സ്റ്റോക്ക്‌സ് അത്ര വിനാശകാരിയല്ല ഇപ്പോൾ. അതേസമയം, ബാറ്റുകൊണ്ടും ബോളുകൊണ്ടും കളിയുടെ ഗതി മാറ്റി വിടാനുള്ള സ്‌റ്റോക്ക്‌സിന്റെ കഴിവിനെ ചെറുതായി കാണാനും സാധിക്കില്ല. മോയിൻ അലിയും ആദിൽ റാഷിദുമാണ് സ്പിൻ ബൗളർമാരായുള്ളത്. രണ്ടുപേരും വിക്കറ്റ് ടേക്കർമാരാണെന്നത് ഇയാൻ മോർഗന് ആശ്വാസം പകരുന്നതാണ്.
ഇംഗ്ലണ്ട് ടീം: മോർഗൻ (ക്യാപ്ടൻ), മോയിൻ അലി, ജോഫ്ര ആർച്ചർ, ജോണി ബെയർസ്റ്റോവ്, ജോസ് ബട്‌ലർ, ടോം കറെൻ, ലിയാം ഡോസെൻ, ലിയാം പ്ലങ്കെറ്റ്, ആദിൽ റഷീദ്, ജോ റൂട്ട്, ജേസൺ റോയ്, ബെൻ സ്റ്റോക്‌സ്, ജെയിംസ് വിൻസ്, ക്രിസ് വോക്‌സ്, മാർക്ക് വുഡ്.