മരട്. നഗരസഭയിൽ ഇനിയും അനധികൃത നിർമ്മാണങ്ങളുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 2005 മുതൽ ഇതുവരെയുള്ള എല്ലാ അനധികൃത നിർമ്മാണങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭ പ്രതിപക്ഷനേതാവ് കെ.എ. ദേവസിയുടെ നേതൃത്വത്തിൽ 15അംഗ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ സെക്രട്ടറിക്ക് കത്ത്നൽകി. തീരദേശ ദൂരപരിധിനിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ 5ഫ്ളാറ്റുകൾപൊളിച്ചുകളയാൻ സുപ്രീംകോടതി ഉത്തരവായതിന്റെ വെളിച്ചത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. മരട് നഗരസഭ ഒന്നാംവാർഡിൽ ചട്ടങ്ങൾ ലംഘിച്ച് നിർമ്മാണംആരംഭിച്ചിട്ടുളള ബഹുനിലനിലകെട്ടിടത്തിന്റെതും മരടിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന നഗരസഭയുടെ ഫണ്ടുമുടക്കി നിർമ്മിച്ച 2 ബോട്ടുകളുടേയും അതിന്റെ നിർമ്മാണവും സംബന്ധിച്ചും അന്വേഷണംവേണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃതകെട്ടിട നിർമ്മാണങ്ങളെക്കുറിച്ച് പ്രത്യേക കമ്മിറ്റി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ പ്രതിപക്ഷത്തിന്റെ കത്ത് കൗൺസിലിൽ ചർച്ചചെയ്തതിനുശേഷമേ തീരുമാനമെടുക്കാനാവൂ എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.