കളക്ടർക്ക് റിപ്പോർട്ട് നൽകി

കൊച്ചി: നഗരത്തെ ഭീതിയിലാക്കിയ ബ്രോഡ്‌വേയിലെ തീ പിടിത്തം സംബന്ധിച്ച് അഗ്നി സുരക്ഷാ വിഭാഗം ജില്ലാ കളക്ടർ മുഹമ്മദ്.വൈ.സഫിറുള്ളയ്ക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അപകടകാരണം ഷോർട്ട് സർക്യൂട്ടാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു . ആദ്യം തീയുണ്ടായത് കെ.സി പപ്പു ആൻഡ് സൺസ് എന്ന സ്ഥാപനത്തിന്റെ മുകൾ നിലയിലാണ്. ഇവിടെ സൂക്ഷിച്ചിരുന്ന ജനറേറ്ററിൽ നിന്നാണ് ഷോർട്ട് സർക്യൂട്ടുണ്ടായതെന്ന് അഗ്‌നിസുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്. ഇത് വളരെ പഴക്കമുള്ള കെട്ടിടമാണ് . വയറിംഗിനും ഏറെ പഴക്കമുണ്ട്. എളുപ്പത്തിൽ തീപിടിക്കാവുന്ന നൂലും മറ്റുമായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ തീ വളരെ പെട്ടെന്ന് പടർന്ന് പിടിക്കുകയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പടരുകയും ചെയ്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏറെ വ്യാപാര സ്ഥാപനങ്ങൾ ഇടതിങ്ങി പ്രവർത്തിക്കുന്ന ബ്രോഡ്‌വേയിൽ അഗ്‌നിബാധയ്ക്കുള്ള സാദ്ധ്യതകൾ കൂടുതലാണ്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളിലാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ അഗ്നി സുരക്ഷാ മാനദണ്ഡങ്ങളൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തിൽ ജില്ലാഭരണകൂടം ഇടപെടണമെന്നും മാർഗരേഖ അടിയന്തരമായി പുറപ്പെടുവിക്കണമെന്നും അഗ്നിസുരക്ഷാ സേന ആവശ്യപ്പെട്ടു.

തീപിടിത്തമുണ്ടായ സ്ഥലത്ത് ബോംബ് സ്‌ക്വാഡും വൈദ്യുതി വകുപ്പും ഫോറൻസിക് വിദഗ്‌ദ്ധരും പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് ബ്രോഡ്‌വേയിലെ ക്ലോത്ത്ബസാറിൽ തീ പിടിത്തമുണ്ടായത്. ഒന്നര കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. രണ്ടു മണിക്കൂർ നീണ്ട കഠിന ശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സും പൊലീസും തൊഴിലാളികളും ചേർന്ന് തീ അണച്ചു.

ഫെബ്രുവരിൽ സൗത്തിലെ പാരഗൺ ഗോഡൗണിലുണ്ടായ വൻ തീ പിടിത്തതിന് ശേഷമുള്ള അപകടമാണ് ഇത്. അന്ന് അഗ്നി സുരക്ഷാ സേന സമർപ്പിച്ച റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ള മുന്നൊരുക്കങ്ങളൊന്നും നടപ്പിലാക്കുവാൻ നഗരസഭയോ ബന്ധപ്പെട്ട അധികാരികളോ തയാറായിട്ടില്ല. ഇതിന് പിന്നാലെയാണ് ബ്രോഡ്‌വേയിലും തീ പിടിത്തമുണ്ടായത്.