കൊച്ചി : സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി ബ്രോഡ്‌വേ നവീകരണത്തിന് ഉടൻ തുടക്കം കുറിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. 200 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. റോഡ് നിർമ്മാണത്തോടെയാണ് തുടക്കം. ഗുണമേന്മയുള്ള ടൈലുകൾ വിരിച്ച് ഇവിടം സ്മാർട്ട് റോഡായി മാറ്റും. ഇതിന് മുന്നോടിയായി കേബിളുകളും വൈദ്യുതലൈനുകളും ഭൂമിക്കടിയിലേയ്ക്ക് മാറ്റും. ഇത് വൈകുമെങ്കിലും ജൂണിൽ തന്നെ റോഡുപണി തുടങ്ങാനാണ് തീരുമാനം.
ബ്രോഡ്‌വേയിൽ നിലവിലുള്ള സ്ഥലങ്ങൾക്ക് പുറമെ മറൈൻഡ്രൈവിലെ ജി.സി.ഡി.എയുടെ പാർക്കിംഗ് കേന്ദ്രത്തിൽ മാർക്കറ്റിലെ കച്ചവടക്കാരുടെയും ഉപയോക്താക്കളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി തേടും. ഇതിനായി മറൈൻഡ്രൈവ് പാർക്കിംഗ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ ജി.സി.ഡി.എ അധികൃതരുമായി സംസാരിക്കുമെന്ന് ഡിവിഷൻ കൗൺസിലറായ ഗ്രേസി ബാബു ജേക്കബ് പറഞ്ഞു.