സ്കൂൾ ബസുകളിൽ ജി.പി.എസ് അഞ്ചിലൊന്നായി ഒതുങ്ങി
പറവൂർ: വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സ്കൂൾ ബസുകളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം മാനേജ്മെന്റുകൾ പാലിച്ചില്ല. പറവൂർ ജോയിന്റ് ആർ.ടി. ഓഫീസിനു കീഴിലുള്ള വിദ്യാഭാസ സ്ഥാപനങ്ങളിൽ അഞ്ചിലൊന്ന് വാനങ്ങളിൽ മാത്രമാണ് ജി.പി.എസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. സ്കൂൾ തുറക്കുന്നതിന് മുമ്പുള്ള വാഹന പരിശോധന വേളയിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തി സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് സ്കൂൾ അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. പറവൂർ ജോയിന്റ് ആർ ടി ഒ യുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 230 ഓളം വാഹനങ്ങൾ ഉണ്ടെന്നാണ് കണക്ക്.കഴിഞ്ഞ ഒക്ടോബറിൽ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നു. ജി പി എസ് വിപണിയിൽ കിട്ടാനുള്ള കുറവുമൂലം സർക്കാർ അധിക സമയം നീട്ടി നൽകിയിരുന്നു. ഇത് മുതലെടുത്ത് മാനേജ്മെന്റുകൾ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകി നടപടികളിൽ നിന്നും ഒഴിവായി. സർക്കാർ, എയ്ഡസ്, പ്രൈവറ്റ് ഉൾപ്പെടെ വിദ്യാർത്ഥികളെ കയറ്റുന്ന വാഹനങ്ങൾക്കെല്ലാം ജി പി എസ് ബാധകമാണ്. പതിനായിരം രൂപയോളമാണ് ഇത് ഘടിപ്പിക്കുന്നതിനുള്ള ചെലവ്. ആർ.ടി ഓഫീസിൽ ജി.പി.എസ് സംവിധാനത്തിന്റെ ഭാഗമായി സർവറും സോഫ്റ്റ് വെയറുമെല്ലാം സ്ഥാപിച്ചിട്ടുണ്ട്.
ജി.പി.എസ് സംവിധാനം
ജി.പി.എസ് സംവിധാനം വരുന്നതോടെ കുട്ടികളുടെ യാത്രാവിവരങ്ങൾ രക്ഷിതാക്കളുടെയുടെ സ്കൂൾ അധികൃതരുടെയും സ്മാർട്ട് ഫോണുകളിൽ ലഭ്യമാകും. വാഹനങ്ങളുടെ സഞ്ചാരപാത, വേഗത, സമയം എന്നിവ മനസ്സിലാക്കാൻ കഴിയും. വാഹനത്തിലെ ബട്ടൺ അമർത്തിയാൽ അടുത്തുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ നിന്നും സഹായം ലഭിക്കുന്നതിനുള്ള സംവിധാനമുണ്ട്. അമിത വേഗതയിൽ വാഹനം ഓടിച്ചാലും ജി.പി.എസ് വേർപ്പെടുത്തിയാലും അറിയാൻ കഴിയും.
2017 ൽ 198 സ്കൂൾ വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കി സ്റ്റിക്കർ വാങ്ങി വാഹനങ്ങളിൽ പതിച്ചിരുന്നു.
2018 ൽ 209 വാഹനങ്ങൾ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നേടിയത്.
കഴിഞ്ഞ ദിവസം നടന്ന വാഹന പരിശോധനയിൽ അമ്പതോളം വാഹനങ്ങൾ മാത്രമാണ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുള്ളത്.