കൊച്ചി : എറണാകുളം ബ്രോഡ്‌വേയിൽ അഗ്നിബാധയുണ്ടായാൽ വൻ വിപത്തുണ്ടാകുമെന്ന ഫയർഫോഴ്‌സിന്റെ മുന്നറിയിപ്പ് അധികൃതർ അവഗണിച്ചെന്ന് ആക്ഷേപം. ഫെബ്രുവരിയിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ചെരിപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ഫയർഫോഴ്‌സ് കൊച്ചി നഗരത്തിൽ ഫയർ ഓഡിറ്റിംഗ് നടത്തി റിപ്പോർട്ട് കോർപ്പറേഷനും ജില്ലാ ഭരണകൂടത്തിനും കൈമാറിയിരുന്നു. നഗരത്തിൽ അഗ്നിബാധയ്ക്ക് സാദ്ധ്യതയുള്ള മേഖലകളെ കുറിച്ചായിരുന്നു റിപ്പോർട്ടിലെ പരാമർശം. ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ഫയർഫോഴ്‌സ് വൃത്തങ്ങൾ കുറ്റപ്പെടുത്തി.
റിപ്പോർട്ട് ഇങ്ങനെ:
ബ്രോഡ്‌വേയിൽ അഗ്നിബാധയുണ്ടായാൽ നിമിഷ നേരത്തിനുള്ളിൽ സമീപ സ്ഥലങ്ങളിലേക്ക് തീനാളങ്ങളെത്തും.
റോഡിന്റെ വീതികുറവും അനധികൃത പാർക്കിംഗും രക്ഷാപ്രവർത്തനത്തിന് തടസമാകും
പഴക്കമുള്ള കെട്ടിടങ്ങളും പഴയ വയറിംഗും അപകടത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കും
വെള്ളം ലഭിക്കാനുള്ള പ്രയാസം
സംഭരണശേഷിയിലും കൂടുതൽ സാധനങ്ങൾ ഗോഡൗണുകളിൽ സൂക്ഷിക്കുന്നത് വെല്ലുവിളി.
# കെട്ടിടത്തിന് ബലക്ഷയം
വൻ തീപിടിത്തത്തിൽ കെട്ടിടത്തിന് ബലക്ഷയമുണ്ടായിട്ടുണ്ട്. കെട്ടിടം പൊളിച്ച് മാറ്റേണ്ട സാഹചര്യമാണുള്ളത്. 60 വർഷത്തിലേറെ പഴക്കമുള്ളതാണ് ഈ കെട്ടിടങ്ങൾ. രണ്ടാമത്തെ നില പൂർണമായി കത്തിയതിനാൽ ഭിത്തിക്കും മറ്റും കാര്യമായ തകരാറുണ്ടായി. ഓടും അലൂമിനിയം ഷീറ്റുകളുമിട്ട മേൽക്കൂര പൂർണമായി കത്തിനശിച്ചിട്ടുണ്ട്. മീതെയുള്ള പലകകളും കത്തിയമർന്നു. കെട്ടിടത്തിന്റെ മുകളിലത്തെ നില ഗ്രില്ല് കൊണ്ട് മറച്ചിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസമായെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.