കൊച്ചി : പറവൂരിലെ ശാന്തിവനത്തിൽ കെ.എസ്.ഇ.ബി ടവർ സ്ഥാപിച്ചു 110 കെ.വി. ലൈൻ വലിക്കുന്നതിനെതിരെയുള്ള ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെതിരെ ഭൂവുടമയായ മീന മേനോൻ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കാൻ മാറ്റി.

ജൈവവൈവിദ്ധ്യ മേഖലയായ ശാന്തിവനത്തിൽ മരങ്ങൾ വെട്ടിമാറ്റി ടവർ സ്ഥാപിച്ചു ലൈൻ വലിക്കുന്നത് സസ്യജാലങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാരോപിച്ച് ഹർജിക്കാരി നേരത്തെ അഡി. ജില്ലാ മജിസ്ട്രേട്ടിന് പരാതി നൽകിയിരുന്നു. പരമാവധി നാശനഷ്ടങ്ങൾ കുറച്ച് ലൈൻ വലിക്കുന്നതിന് ബദൽ ശുപാർശ കെ.എസ്.ഇ.ബി ഉണ്ടാക്കിയിരുന്നെങ്കിലും ഇതു നടപ്പാക്കാതെ ശാന്തി വനത്തിനു മുകളിലൂടെ ലൈൻ വലിക്കാൻ തീരുമാനിച്ചെന്ന് ആരോപിച്ചാണ് ഹർജിക്കാരി എ.ഡി.എമ്മിന് പരാതി നൽകിയത്.

സ്ഥലപരിശോധനയ്ക്ക് ശേഷം എ.ഡി.എം ഇതു തള്ളി. പുന: പരിശോധനാ ഹർജിയും തള്ളി. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സർപ്പക്കാവുകളും നൂറ്റാണ്ടു പഴക്കമുള്ള വൃക്ഷങ്ങളുമൊക്കെയുള്ള ഭൂമിയാണ് ശാന്തിവനമെന്നും ചില താല്പര്യങ്ങൾക്കു വഴങ്ങിയാണ് കെ.എസ്.ഇ.ബി ബദൽ ശുപാർശ തള്ളി ശാന്തിവനത്തിൽ തന്നെ ടവർ സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഈ ആവശ്യം സിംഗിൾബെഞ്ചും തള്ളി. ഇതിനെതിരെയാണ് മീന മേനോൻ അപ്പീൽ നൽകിയത്.

നേരത്തെ ടവർ നിർമ്മാണം തടയാൻ നടപടി തേടി മീന ഹൈക്കോടതിയിൽ മറ്റൊരു ഹർജി നൽകിയിരുന്നു. അപ്പീൽ നൽകാതെയാണ് വീണ്ടും ഹർജി നൽകിയതെന്ന് കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഹർജി പിൻവലിച്ചാണ് ഇപ്പോൾ അപ്പീൽ നൽകിയത്.