നെടുമ്പാശ്ശേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ തോറ്റ ഏകവിദ്യാർത്ഥി പുനർമൂല്യ നിർണയത്തിൽ വിജയിച്ചതോടെ ചെങ്ങമനാട് ഗവ: ഹയർ സെക്കൻഡറി സ്‌കൂളിന് തുടർച്ചയായ മൂന്നാം വട്ടവും നൂറുമേനി.
ഇക്കുറി പരീക്ഷയെഴുതിയ 40 കുട്ടികളിൽ ഒരാൾ ഒഴികെ എല്ലാവരും വിജയിച്ചെങ്കിലും ഒരു വിഷയത്തിൽ ഒരു കുട്ടി തോറ്റതാണ് നൂറുമേനി നഷ്ടമാക്കിയത്. അതിനിടെയാണ് തോറ്റ വിഷയം വിദ്യാർത്ഥി പുനർമൂല്യ നിർണയത്തിൽ വിജയിയായത്. തുടർച്ചയായി സ്‌കൂൾ മികവാർന്ന വിജയം കൈവരിച്ചതോടെയാണ് സംസ്ഥാന സർക്കാർ സ്‌കൂളിനെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽപ്പെടുത്തി മികവിൻെറ കേന്ദ്രമാക്കി ഉയർത്തുകയും, സമഗ്ര വികസനത്തിനായി അഞ്ച് കോടി അനുവദിക്കുകയും ചെയ്തിട്ടുള്ളത്.
അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന സ്‌കൂൾ കെട്ടിട നിർമ്മാണവും, ഭൗതിക സാഹചര്യവും പുരോഗമിച്ച് വരുകയാണ്. ഇക്കുറിയും അഞ്ച് മുതൽ 10 വരെ ക്ലാസുകളിലായി 200ലധികം കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. ഒരു ഡിവിഷൻ മാത്രമുണ്ടായത് രണ്ട് ഡിവിഷനുകളായി ഉയർത്തി. അഞ്ച് കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുറമെ ജില്ല പഞ്ചായത്തിൽ നിന്ന് 13 ലക്ഷം മുടക്കി ഹയർസെക്കൻഡറി വിഭാഗത്തിൻെറ മുറ്റം ടൈൽ വിരിക്കുന്ന പ്രവൃത്തിയാക്കി. മഴക്കാലത്ത് അഴുക്ക് ജലമൊഴുകി ക്ലാസ്മുറികളിലും, ഗ്രൗണ്ടിലും നിറയുന്ന സ്ഥിതിവിശേഷമില്ലാതാക്കാൻ കുറ്റമറ്റ രീതിയിലുള്ള കാന പുനരുദ്ധാരണവും, ജില്ല പഞ്ചായത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൻെറ നിർമ്മാണവും ആരംഭിച്ചു. അൻവർസാദത്ത് എം.എൽ.എയുടെ ഫണ്ടിൽ നിന്നനുവദിച്ച 14 ലക്ഷം ചെലവിൽ നടപ്പാക്കുന്ന ഹയർസെക്കൻഡറി ക്ലാസുകളിൽ ടൈൽ വിരിക്കുന്ന പ്രവൃത്തിയുടെ ടെണ്ടർ നടപടിയും പുരോഗമിക്കുകയാണ്. എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച സ്‌കൂൾ ബസും ഈ വർഷം മുതലുണ്ടാകും.
സ്‌കൂൾ പ്രവേശനവും ജൂൺ മൂന്നിന് വിപുലമായ പരിപാടികളോടെ നടത്തും. ബസിൻെറ ഫ്‌ളാഗ് ഓഫ് അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി, ജില്ല പഞ്ചായത്തംഗം സരള മോഹനൻ, ബ്‌ളോക്ക് പഞ്ചായത്തംഗം ടി.എ. ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംബന്ധിക്കും.