കൊച്ചി: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സേവ് എ ചൈൽഡ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വസ്ത്രങ്ങൾ നൽകുന്നതിനായി ഡ്രസ് ബാങ്ക് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വസ്ത്രം നൽകണമെന്നാവശ്യപ്പെട്ട് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും നേരിട്ടും പ്രചാരണം നടത്തും. ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമായി പത്തുലക്ഷം രൂപയുടെ വസ്ത്രങ്ങൾ ശേഖരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇത്തരത്തിൽ ശേഖരിക്കുന്ന വസ്ത്രങ്ങൾ അർഹരായ കുട്ടികൾക്ക് സംഘടനാ ഭാരവാഹികൾ നേരിട്ടെത്തി വിതരണം ചെയ്യും. നിലവിൽ ഖത്തർ, ജിദ്ദ, മക്ക, ദുബായ് എന്നീ രാജ്യങ്ങളിൽ സംഘടനയുടെ ഡ്രസ് ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. മജിസിയ ബാനു, ബഷീർ മുതുവല്ലൂർ, പി കെ ഹിരൺ, പ്രിയ അജു, ഷറഫുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.