കൊച്ചി : ആചാരസംരക്ഷണത്തിന് തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ശബരിമല കർമ്മസമിതി തീരുമാനിച്ചു. ശബരിമലയിൽ യുവതീപ്രവേശനം ഒഴിവാക്കാൻ നിയമപരമായ നടപടികൾ തു‌ടരും.

ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും കോർ കമ്മിറ്റി യോഗം വിലയിരുത്തി. പ്രക്ഷോഭങ്ങളും ഭാവിപരിപാടികളും ചർച്ച ചെയ്തതായി സമിതി അദ്ധ്യക്ഷ കെ.പി. ശശികല, ജനറൽ സെക്രട്ടറി എസ്.ജെ.ആർ. കുമാർ എന്നിവർ പറഞ്ഞു.

ജൂൺ നാല്, അഞ്ച് തീയതികളിൽ സമിതിയുടെ ജില്ലാ ഘടകങ്ങളുടെ യോഗങ്ങൾ ചേരും. ശബരിമലയിലെ പ്രതിഷ്ഠാദിനമമായ ജൂൺ 12ന് പ്രാർത്ഥനാദിനമായി ആചരിക്കും. ജൂലായ് നാലിന് പന്തളത്ത് സമിതിയുടെ സംസ്ഥാനതല യോഗവും നിർവാഹക സമിതി യോഗവും ചേരും. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സംസ്ഥാനത്ത് വിശ്വാസ സംരക്ഷണ യാത്ര സംഘടിപ്പിക്കും. വിശ്വാസസംരക്ഷണ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ പ്രതികളാക്കപ്പെട്ട മുഴുവൻ ഭക്തർക്കും നിയമസഹായം ഉൾപ്പെടെ നൽകും.

സർക്കാരിന് തിരിച്ചടി നൽകാൻ ഭക്തർ ശ്രമിച്ചതാണ് യു.ഡി.എഫിന് മികച്ച വിജയം നൽകിയത്. ബി.ജെ.പിക്ക് വോട്ടുകൾ വർദ്ധിച്ചതിലും ശബരിമല വിഷയം സഹായിച്ചിട്ടുണ്ട്.

വിശ്വാസം സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തുമെന്ന് യു.ഡി.എഫ് പറഞ്ഞത് തിരഞ്ഞെടുപ്പു ഫലം വന്നശേഷം മാത്രമാണ്. വിശ്വാസം സംരക്ഷിക്കാൻ നിയമമുണ്ടാക്കുമെന്ന ബി.ജെ.പി വാഗ്ദാനം നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ.പി. ശശികല പറഞ്ഞു.