fish-markkat-
ഇനിയും പ്രവർത്തനം തുടങ്ങാത്ത മൂവാറ്റുപുഴയിലെ മത്സ്യമാർക്കറ്റ്.

മൂവാറ്റുപുഴ : മൂന്നരവർഷം മുമ്പ് മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്ത അത്യാധുനിക മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം ഇനിയും തുടങ്ങിയിട്ടില്ല. ഉദ്ഘാടനം കഴിഞ്ഞ് നീണ്ട കാത്തിരിപ്പിനൊടുവിൽ മാർക്കറ്റിലെ സ്റ്റാളുകൾ ലേലത്തിനെടുത്തവർ പ്രവർത്തനങ്ങൾ ആരംഭിക്കാതെ ഒഴിവുകഴിവുകൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണ്. വിമർശനം ശക്തമായതോടെ അധികാരികൾ ഉണർന്നു. ഉടൻ പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ നഗരസഭയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ച് കാത്തിരിക്കുകയാണ് അധികൃതർ .

ഉപഭോക്കാക്കൾക്ക്നല്ല മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് അഞ്ചിടങ്ങളിലായി ആരംഭിച്ച ആധുനികമത്സ്യ മാർക്കറ്റുകളിൽ പ്രവർത്തനം തുടങ്ങാത്ത ഏക മാർക്കറ്റാണ് മൂവാറ്റുപുഴയിലേത്.

# നിർമ്മാണച്ചെലവ് രണ്ടുകോടി

കേന്ദ്ര സർക്കാരിന്റെ തീരദേശ വികസന ഫണ്ട് അടക്കം ഉപയോഗപ്പെടുത്തി രണ്ടു കോടി രൂപ ചെലവഴിച്ചാണ് മത്സ്യമാർക്കറ്റിന്റെ നിർമാണം പൂർത്തിയാക്കിയത്. നഗരസഭ ഉദ്ദേശിച്ചതിലും കുറഞ്ഞ തുകയ്ക്ക് എട്ടു മാസം മുൻപ് സ്റ്റാളുകൾ ലേലം വിളിച്ച് വാടകയ്ക്കെടുത്തവർ പ്രവർത്തനമാരംഭിക്കാതെ ഉഴപ്പുകയാണ്. മുനിസിപ്പൽ ചട്ടം ലംഘിച്ച് ലേലത്തിനെത്തിയവരിൽ ഭൂരിപക്ഷം പേരെയും ഒഴിവാക്കി നഗരത്തിലെ മീൻ കടകൾക്ക് ലൈസൻസുള്ളവരെ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാനനുവദിച്ചത്. ഇതുമൂലംനഗരസഭ ഉദ്ദേശിച്ചതിലും വളരെ കുറഞ്ഞ തുകയ്ക്കാണ് ലേലം നടന്നത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും ലേലം ഉറപ്പിക്കുകയായിരുന്നു. എന്നാൽ ഇവർ ആരും സ്റ്റാളുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇതിനായി ഇവർ ഒട്ടേറെ നിബന്ധനകളാണ് നഗരസഭയ്ക്കു മുന്നിൽ വച്ചത്. ഇതിൽ ഭൂരിപക്ഷവും നഗരസഭ ഒരുക്കിയെങ്കിലും വാടകക്കാർ സ്റ്റാളുകൾ അടച്ചിട്ടിരിക്കുകയാണ്.
# കാലിത്തൊഴുത്തായി മാറി

ഇതിനിടെ മാർക്കറ്റിലെ ഫ്രീസർ സംവിധാനവും ആധുനിക മാലിന്യ സംസ്കരണ സംവിധാനമെല്ലാം തകരാറിലായതായും പറയുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മാർക്കറ്റിൽ വെള്ളം കയറിയിരുന്നു. മാർക്കറ്റിലെ കെട്ടിടത്തിനകത്തും പുറത്തും കാലികൾ മേയുന്നതിനാൽ ഇവിടമിപ്പോൾ കാലിത്തൊഴുത്തിനു സമാനമാണ്.