ആലുവ: പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ വനിത ക്ളർക്കിൽ നിന്നും അജണ്ട പിടിച്ചുവാങ്ങി വലിച്ചുകീറിയ സംഭവത്തിൽ നഗരസഭ കൗൺസിലർ കെ. ജയകുമാറിനെതിരെ സെക്രട്ടറി പൊലീസിൽ പരാതി നൽകി. ഇന്നലെ നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ പൈപ്പിലെ ചോർച്ച നീക്കുന്നതിനായി സ്വകാര്യ വ്യക്തി നഗരസഭ റോഡ് അനുമതിയില്ലാതെ കുഴിച്ചത് അജണ്ടയായി ഉണ്ടായിരുന്നു. നഗരസഭ 25 -ാം വാർഡിൽ തോട്ടക്കാട്ടുകരയിൽ താമസിക്കുന്ന അബ്ദുൾ കെരീമിനെതിരെയായിരുന്നു പരാതി. പൊതുമരാമത്ത് ഉദ്യോഗസ്ഥർ നേരത്തെ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 8700 രൂപ പിഴ ചുമത്താൻ നിർദ്ദേശിച്ചിരുന്നു. വിഷയത്തിൽ അബ്ദുൾ കെരീമിനെ ഹിയറിംഗ് നടത്തിയ ശേഷം പിഴ ചുമത്തിയാൽ മതിയെന്നാണ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ, അംഗങ്ങളും നിലപാടെടുത്തത്.
എന്നാൽ ഉദ്യോഗസ്ഥർ നിശ്ചിയിച്ച പിഴതുക ഉടൻ ഈടാക്കാൻ നടപടിയെടുക്കണമെന്നായിരുന്നു ജയകുമാറിന്റെ ആവശ്യം. ഇത് സംബന്ധിച്ച തർക്കത്തിനിടെയാണ് ജീവനക്കാരിയിൽ നിന്നും അജണ്ട വാങ്ങി നശിപ്പിച്ചതെന്നാണ് പരാതി. കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന് നൽകിയ പരാതിയെ തുടർന്നാണ് സെക്രട്ടറി നടപടിയെടുത്തത്.