ഉത്പന്നം വികസിപ്പിച്ചത് സി.എം.എഫ്.ആർ.ഐ
കൊച്ചി: ഉയർന്ന രക്തസമ്മർദ്ദം തടയുന്നതിന് കടൽപ്പായലിൽ നിന്ന് പ്രകൃതിദത്ത ഉത്പന്നം.കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ)കണ്ടുപിടിത്തത്തിന് പിന്നിൽ. ഇന്ത്യൻ കടലുകളിൽ സാധാരണയായി കണ്ടുവരുന്ന കടൽപ്പായലുകളിൽ അടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് കടൽമീൻ ആന്റിഹൈപ്പർടെൻസീവ് എക്‌സ്ട്രാക്ട് എന്ന ഉത്പന്നം സി.എം.എഫ്.ആർ.ഐ വികസിപ്പിച്ചത്.
400 മില്ലിഗ്രാം അളവിലുള്ള ക്യാപ്‌സ്യൂളുകൾ പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചത്. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഇത് പ്രയോജനകരമാണ്. യാതൊരുവിധ പാർശ്വഫലങ്ങളുമില്ലെന്നത് വിശദമായ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണെന്ന് സി.എം.എഫ്.ആർ.ഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ.കാജൽ ചക്രബർത്തി പറഞ്ഞു. കടൽപ്പായലുകളിൽ നിന്ന് മൂലഘടകങ്ങളെ വേർതിരിച്ചെടുക്കാൻ നിയന്ത്രിത ഫാക്ടറി സാഹചര്യങ്ങൾ ഒരുക്കിയാണ് ഉത്പന്നം വികസിപ്പിച്ചത്. സസ്യാഹാരപ്രേമികൾക്കും കഴിക്കാവുന്ന രീതിയിൽ സസ്യജന്യ ക്യാപ്‌സൂളുകളാണ് ആവരണമായി ഉപയോഗിക്കുന്നത്.
സി.എം.എഫ്.ഐ.ആർ.ഐയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ദേശീയ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) ഡയറക്ടർ ജനറലുമായ ഡോ. ത്രിലോചൻ മൊഹാപത്ര ഉത്പന്നം പുറത്തിറക്കി. ഐ.സി.എ.ആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ജെ.കെ ജെന അദ്ധ്യക്ഷത വഹിച്ചു.
ഉത്പന്നം വാണിജ്യാടിസ്ഥാനത്തിൽ ഉദ്പാദിപ്പിക്കുന്നതിന് സ്വകാര്യ സംരംഭകർക്ക് സി.എം.എഫ്.ആർ.ഐയെ സമീപിക്കാമെന്ന് ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതിന് ശേഷമേ വിപണിയിൽ ലഭ്യമാകൂ.
കടലിൽ നിന്നും സി.എം.എഫ്.ആർ.ഐ വികസിപ്പിക്കുന്ന ആറാമത്തെ പ്രകൃതിദത്ത ഉത്പന്നമാണിത്. സന്ധിവേദന, പ്രമേഹം, കൊളസ്‌ട്രോൾ, തൈറോയിഡ് എന്നിവ തടയുന്നതിന് ഉത്പന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നുണ്ട്.