 വൈദികരുടെ അറസ്റ്റ് തടഞ്ഞു

കൊച്ചി: കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസിൽ ഒന്നാം പ്രതി ഫാ. പോൾ തേലക്കാട്ട്, നാലാം പ്രതി ഫാ. ആന്റണി കല്ലൂക്കാരൻ എന്നിവരോട് 30 മുതൽ ജൂൺ അഞ്ചുവരെ ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശിച്ചു.

ഇരുവരും നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ കോടതി ജൂൺ ഏഴിന് പരിഗണിക്കാൻ മാറ്റി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന പ്രോസിക്യൂഷന്റെ ഉറപ്പു രേഖപ്പെടുത്തിയ കോടതി ചോദ്യം ചെയ്യലുമായി സഹകരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

ദിവസവും രാവിലെ പത്തു മുതൽ നാലു മണിവരെ ആവശ്യമായ ഇടവേളകൾ നൽകി ചോദ്യം ചെയ്യാം. ചോദ്യം ചെയ്യുന്ന മുറിയിൽ പ്രതിഭാഗം അഭിഭാഷകർ പാടില്ല. കെട്ടിടത്തിനു സമീപം സാന്നിദ്ധ്യം അനുവദിക്കണം. പ്രതികളെ ശാരീരികമായി ഉപദ്രവിക്കരുതെന്നും കോടതിയുത്തരവിൽ പറയുന്നു. സ്വകാര്യ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് വൻതുക കൊച്ചിയിലെ ചില ആഡംബര ഹോട്ടലുകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെന്ന വ്യാജരേഖ ചമച്ച് പ്രതികൾ കർദ്ദിനാളിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. വഞ്ചനയ്ക്കുവേണ്ടിയാണ് വ്യാജരേഖ ചമച്ചതെന്ന് പ്രോസിക്യൂഷനു പരാതിയില്ലാത്തതിനാൽ പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

മൂന്നാം പ്രതി ആദിത്യ വളവിയെ പൊലീസ് ഭീഷണിപ്പെടുത്തിയാണ് വൈദികർക്കെതിരെ മൊഴി പറയിപ്പിച്ചത്. ഇവർക്കെതിരെ തെളിവുകൾ പൊലീസിന്റെ പക്കലില്ല. വെറും ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തതെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

സീറോ മലബാർ സഭയുടെ ബിഷപ്പുമാർ ഒത്തുചേരുന്ന സിനഡിനെ തെറ്റിദ്ധരിപ്പിച്ച് കർദ്ദിനാളിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് വ്യാജരേഖ ചമച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾക്കെതിരെ വഞ്ചനക്കുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷനും കേസിൽ കക്ഷി ചേർന്ന ഇന്ത്യൻ കാത്തലിക് ഫോറം വൈസ് പ്രസിഡന്റ് ബിനു ചാക്കോയുടെ അഭിഭാഷകനും വാദിച്ചു.

കർദ്ദിനാളിനെ സമ്മർദ്ദത്തിലാക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ് വ്യാജരേഖക്കേസെന്നും പിന്നിൽ സാമ്പത്തിക താത്പര്യങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായും പ്രോസിക്യൂഷൻ പറഞ്ഞു. സ്വാധീനശേഷിയുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിൽ ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിലെ മൂന്നാം പ്രതി ആദിത്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.