മൂവാറ്റുപുഴ: ഈ അദ്ധ്യയനവർഷത്തിൽ കുട്ടികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് സാക്ഷര ഗ്രാമത്തിലെ വിദ്യാലയ മുത്തശ്ശി. രാജ്യത്തെ ആദ്യ സാക്ഷരതാ ഗ്രാമമാണ് പോത്താനിക്കാട്.. ഇവിടത്തെ ഗവ. എൽ.പി സ്‌കൂൾ പുതിയ മന്ദിരത്തിൽ അക്ഷരവെളിച്ചം പകരും. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്‌കൂൾ ശോച്യാവസ്ഥയിലായതോടെ പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതേത്തുടർന്ന് എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചത്. എം.പിയായിരുന്ന ജോയ്‌സ് ജോർജ് സ്‌കൂൾ ബസ് വാങ്ങുന്നതിനായി ഫണ്ടും അനുവദിച്ചു. പുതിയ ബസും സ്കൂളിലെത്തിക്കഴിഞ്ഞു.
ഒറ്റ നിലയിലായി 4 ക്ലാസ് മുറികളാണ് പുതിയ മന്ദിരത്തിലുള്ളത്. മരിയൻ അക്കാഡമിയിലെ ചിത്രകലാ വിദ്യാർത്ഥികൾ കുരുന്നുകളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചുവർ ചിത്രങ്ങൾ വരച്ച് സ്‌കൂൾ ഭിത്തി മനോഹരമാക്കി. സ്മാർട്ട് ക്ലാസ് റൂമുകൾക്കായുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് കെ.കെ .റംലത്ത് പറഞ്ഞു. കുട്ടികളുടെ പഠന പാഠ്യേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിപാടികളും സ്‌കൂളിൽ നടക്കുന്നുണ്ട്. ഇതിനായി അദ്ധ്യാപകരും രക്ഷിതാക്കളും ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നതെന്ന് പി.ടി.എ. പ്രസിഡന്റ് സിജു പറഞ്ഞു. വിദ്യാർത്ഥികൾക്കായി യോഗാ ക്ലാസുകൾ, എൽ.എസ്.എസ് പരിശീലനം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിതവിജയം തുടങ്ങി വിവിധ പരിശീലന പരിപാടികൾ സ്‌കൂളിൽ നടക്കുന്നുണ്ട്. ശാസ്ത്രഗണിത ലാബുകളും പ്രവർത്തിക്കുന്നു. ജൈവ പച്ചക്കറി കൃഷി, നക്ഷത്രവനം തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
1905 ൽ പോത്താനിക്കാട് ഉമ്മിണിക്കുന്ന് ക്രിസ്ത്യൻ പള്ളിയുടെ കീഴിൽ 50 കുട്ടികളുമായി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്‌കൂളാണ് ഗ്രാമത്തിന്റെ തിലകക്കുറിയായി വളർന്നത്. 114 വർഷം പിന്നിടുമ്പോൾ 4 സ്ഥിരം അദ്ധ്യാപകരും ഒരു പാർട്ട് ടൈം അദ്ധ്യാപികയും പ്രീ പ്രൈമറിയിലേതടക്കം 110 വിദ്യാർത്ഥികളുമാണ് സ്‌കൂളിലുള്ളത്.